മുഖ്യമന്ത്രിക്കു സമ്മാനിക്കാന്‍ കാര്ഷികോത്പന്നങ്ങളാൽ നിർമിച്ച ചിത്രവുമായി പ്രിന്‍സ്
1377460
Sunday, December 10, 2023 11:53 PM IST
നെടുങ്കണ്ടം: ഉടുമ്പന്ചോലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കാന്‍ കാര്‍ഷികോത്പന്നങ്ങള്‍ കൊണ്ട് മുഖ്യമന്ത്രിയുടെ ചിത്രം നിര്‍മിച്ചിരിക്കുകയാണ് രാമക്കല്‍മേട് ഇടത്തറമുക്ക് പ്രിന്‍സ് ഭവനില്‍ പ്രിന്‍സ് ഭുവനചന്ദ്രന്. മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന നെടുങ്കണ്ടത്തെ നവകേരള സദസില്‍ ചിത്രം മുഖ്യമന്ത്രിക്ക് സമ്മാനിക്കും.
ഇടുക്കിയുടെ സ്വത്തായ സുഗന്ധ വ്യഞ്ജനങ്ങള്‍, നാണ്യവിളകള്‍, ഭക്ഷ്യവിളകള്‍ എന്നിവകൊണ്ടാണ് മുഖ്യമന്ത്രിയുടെ ചിത്രം തീര്‍ത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുഖം കറുത്ത കുരുമുളകും വെള്ളക്കുരുമുളകും കൊണ്ടാണ് വരച്ചിരിക്കുന്നത്. ഷര്‍ട്ട് കപ്പകൊണ്ടും വരച്ചു. 20 മന്ത്രിമാരെ പ്രതിനിധാനം ചെയ്ത് 20 ഇനം കാര്‍ഷികോത്പന്നങ്ങള്‍ ഉപയോഗിച്ചാണ് ചിത്രത്തിന്റെ ബാക്ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്.
ഏലക്കാ, ചേമ്പ്, ചേന, കാപ്പി, ഇഞ്ചി, ജാതി, മഞ്ഞള്‍, പച്ചക്കറികള്‍ തുടങ്ങിയ ഇനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഇതിലൂടെ കാര്‍ഷിക മേഖലയുടെ പ്രശ്നങ്ങള്‍ക്കൂടി മന്ത്രിമാരെ അറിയിക്കുക എന്ന ലക്ഷ്യം ഉണ്ടെന്നും പ്രിന്‍സ് പറഞ്ഞു. ഒരാഴ്ചകൊണ്ടാണ് ഏറെ ശ്രമകരമായി ചിത്രം പൂര്‍ത്തിയാക്കിയത്. സ്കൂളുകളിലെ പലവിധ നിര്‍മിതികള്‍ കൊണ്ട് പ്രശസ്തനാണ് വെല്‍ഡിംഗ് സ്ഥാപനം നടത്തുന്ന പ്രിന്‍സ്.
പ്രിന്‍സിന് ഇതിലൂടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പതിനഞ്ചാം വിവാഹ വാര്‍ഷികത്തില്‍ ഭാര്യ രാജിക്ക് 35 കിലോയോളം തൂക്കം വരുന്ന റോസാപ്പൂ നിര്‍മിച്ച് സമ്മാനിച്ചത് ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.