ബഹിരാകാശ കുതിപ്പിനൊരുങ്ങി ഇരട്ടയാർ സെന്റ് തോമസ്
1377459
Sunday, December 10, 2023 11:53 PM IST
ഇരട്ടയാർ: ചന്ദ്രയാൻ ഉൾപ്പെടെയുള്ള ബഹിരാകാശ പേടകങ്ങളുമായി ശാസ്ത്രലോകം കുതിപ്പ് തുടരുന്പോൾ ശാസ്ത്ര വളർച്ചയുടെ പുത്തൻ അനുഭവം വിദ്യാർഥികൾക്ക് പകർന്നു നൽകി മാതൃകയാവുകയാണ് ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ.
അസ്ട്രോഫിലാ - 2കെ 23 എന്ന പേരിൽ സ്കൂൾ സംഘടിപ്പിച്ചിരിക്കുന്ന ബഹിരാകാശ വിജ്ഞാന വിനിമയ പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കായി വെർച്വൽ റിയാലിറ്റി ഷോ നടത്തി. ഇതിന്റെ സമാപന ദിനമായ ഇന്നു രാവിലെ 11.30ന് സ്കൂൾ അങ്കണത്തിൽ മാതൃകാ റോക്കറ്റ് വിക്ഷേപണവും ബഹിരാകാശ ശാസ്ത്ര വിജ്ഞാന സെമിനാറും നടത്തും.
വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ധരിച്ച് 360 ഡിഗ്രി ദൃശ്യങ്ങളിലൂടെ ബഹിരാകാശ സഞ്ചാരത്തിന് സമാനമായ അനുഭവങ്ങൾ വെർച്വൽ റിയാലിറ്റി ഷോയിലൂടെ കുട്ടികൾക്ക് ലഭിച്ചിരുന്നു. മഞ്ഞു മൂടി കിടക്കുന്ന ഗ്രഹങ്ങളിലൂടെ സഞ്ചരിക്കുന്നതിന് സമാനമായ അനുഭവമായിരുന്നു. അതിനു പുറമേയാണ് ഇന്നു ബഹിരാകാശ പഠനത്തിന്റെ പുത്തൻ അനുഭവം വിദ്യാർഥി, വിദ്യാർഥിനികൾക്ക് ഗോചരമാക്കിക്കൊണ്ട് റോക്കറ്റ് മാതൃകയുടെ വിക്ഷേപണം നടത്തുന്നത്.
നിക്കോളാസ് ടെസ്ല ടെക്നോളജി എന്ന ശാസ്ത്ര സ്ഥാപനത്തിന്റെ സഹായത്തോടെയാണ് സ്കൂളിലെ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. ബഹിരാകാശത്തെ അദ്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ചകൾ വെർച്വൽ ഷോ വഴി കണ്ട കുട്ടികൾക്ക് ഇനി റോക്കറ്റ് വിക്ഷേപണവും നഗ്നനേത്രങ്ങൾ കൊണ്ട് നേരിട്ട് കാണാൻ കഴിയും. സ്കൂൾ ഗ്രൗണ്ടിന്റെ മധ്യഭാഗത്താണ് വിക്ഷേപണത്തറ ഒരുക്കിയിരിക്കുന്നത്.
കുട്ടികളിൽ ശാസ്സ്ത്രാവബോധം വളർത്തുന്നതിന് ഉദ്ദേശിച്ചുള്ള വിജ്ഞാന വിനിമയ സെമിനാർ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ മോണ്. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിക്കും. നെടുങ്കണ്ടം എംഇഎസ് കോളജ് ഭൗതികശാസ്ത്ര വിഭാഗം മേധാവിയായിരുന്ന പ്രഫ. മോളിക്കുട്ടി ജോർജ് സെമിനാറിനു നേതൃത്വം നൽകും.
വാർഡ് മെംബർ ജിൻസണ് വർക്കി, സ്കൂൾ അസി. മാനേജർ ഫാ. ജിതിൻ പാറക്കൽ, പ്രിൻസിപ്പൽ ഡോ. റെജി ജോസഫ്, ഹെഡ്മാസ്റ്റർ എം.വി. ജോർജുകുട്ടി, പിടിഎ പ്രസിഡന്റ് ബിജു അറക്കൽ, എംപിടിഎ പ്രസിഡന്റ് ബിനു ജസ്റ്റിൻ തുടങ്ങിയവർ പ്രസംഗിക്കും.