ഉടുമ്പന്‍ചോല തിങ്കള്‍കാട്ടില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു
1377458
Sunday, December 10, 2023 11:53 PM IST
നെടുങ്കണ്ടം: ഉടുമ്പന്‍ചോല തിങ്കള്‍കാട്ടില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു. മലപ്പുറത്തുനിന്നുള്ളവർ സഞ്ചരിച്ചിരുന്ന ബസാണ് ശനിയാഴ്ച രാത്രി അപകടത്തില്‍പ്പെട്ടത്. ഇറക്കം ഇറങ്ങുന്നതിനിടെ കൊടുംവളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന്റെ ഒരു വശത്ത് ഡിവൈഡറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ബസ് കൊക്കയിലേക്ക് മറിയാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. കഴിഞ്ഞ വര്‍ഷം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിക്കാനിടയായ വളവിന് തൊട്ടുതാഴെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. സമീപത്തായി വലിയ കൊക്കയുണ്ട്. ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തില്‍ പ്രദേശവാസികളും ആശങ്കയിലാണ്.
മറ്റു പ്രദേശങ്ങളില്‍നിന്നും എത്തുന്ന സഞ്ചാരികള്‍ക്ക് കൊടുംവളവുകളിലെ അപകടസാധ്യതകള്‍ തിരിച്ചറിയാന്‍ കഴിയാത്തതാണ് അപകടങ്ങള്‍ക്ക് കാരണം. ഇതിനാല്‍ ഇവിടെ ദിശാസൂചികകളും അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.