നത്തുകല്ല്-അടിമാലി രണ്ടുവരിപാത നിർമാണം ആരംഭിക്കണമെന്ന ആവശ്യം ശക്തമായി
1377141
Sunday, December 10, 2023 12:30 AM IST
മേലേചിന്നാർ: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2017ൽ പ്രഖ്യാപിച്ച ഇരട്ടയാർ നത്തുകല്ല് - അടിമാലി രണ്ടിവരി സംസ്ഥാന പാതയുടെ നിർമാണം ഉടൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി.
ഉടുന്പൻചോല, ഇടുക്കി, ദേവികുളം നിയോജകമണ്ഡലങ്ങളിൽപെട്ട ഇരട്ടയാർ, പുത്തൻപാലം, ഈട്ടിത്തോപ്പ്, കല്ലാർമുക്ക്, മേലേചിന്നാർ, ബഥേൽ, പെരിഞ്ചാംകുട്ടി, പണിക്കൻകുടി, പാറത്തോട്, കന്പിളികണ്ടം, മുക്കുടം, അഞ്ചാംമൈൽ, കല്ലാർകുട്ടി തുടങ്ങിയ ജനവാസമേഖലയിലൂടെ ഉള്ള റോഡ് ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിനാളുകൾക്ക് പ്രയോജനപ്പെടുന്നതാണ്.
കട്ടപ്പന-അടിമാലി ഏറ്റവും കുറഞ്ഞ ദൂരത്തിൽ എത്താവുന്ന റോഡാണിത്. തേക്കടിയിൽനിന്നും വാഗമണിൽ നിന്നും കട്ടപ്പന വഴി മൂന്നാറിലെത്താനുള്ള എളുപ്പമാർഗവുമാണ്. നിലവിൽ റോഡിന്റെ പല ഭാഗങ്ങളും വീതികുറഞ്ഞതും തകർന്ന നിലയിലുമാണ്.
ഈ റോഡിനോടൊപ്പം 2017ൽ പ്രഖ്യാപിച്ച പല റോഡുകളും പൂർത്തിയാകുകയും പണി ആരംഭിക്കുകയും ചെയ്തിട്ടുണ്ട. ഈ റോഡിന് ഭൂമി ഏറ്റെടുക്കാൻ അഞ്ചുകോടി രൂപ അനുവദിച്ചതല്ലാതെ മറ്റൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 60 വർഷത്തിലേറെയായി ജനവാസമുള്ള മേഖലയിൽ സഞ്ചാരയോഗ്യമായ റോഡ് എന്ന സ്വപ്നം യാഥാർഥ്യമായിട്ടില്ല.
സർക്കാരും ജനപ്രതിനിധികളും അടിയന്തിരമായി ഇടപെട്ട് പ്രശ്നത്തിനു പരിഹാരമുണ്ടാക്കണമെന്ന് ബഥേൽ മർച്ചൻസ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് റെജി പുറത്തേൽ അധ്യക്ഷത വഹിച്ചു.