അധികാരത്തിലെത്തിയാൽ ഭൂമി പ്രശ്നങ്ങൾക്ക് പരിഹാരം ഉറപ്പ്: വി.ഡി. സതീശൻ
1377140
Sunday, December 10, 2023 12:30 AM IST
അടിമാലി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉറപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി . സതീശൻ. ജനക്ഷേമമല്ല അഴിമതി മാത്രമാണ് പിണറായി സർക്കാരിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. അടിമാലിയിൽ നടന്ന ദേവികുളം മണ്ഡലം കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാകാലത്തും ഇടുക്കി ജില്ലയിലെ ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്. ഭൂമിയുടെ പട്ടയവും മറ്റു രേഖകളും ഭൂ ഉടമകൾക്ക് സ്വതന്ത്രമായി ഉപയോഗിക്കാവുന്ന തരത്തിൽ വിഷയം പരിഹരിക്കും. വിഷയത്തിൽ യാതൊരു സങ്കീർണതയും യുഡിഎഫ് കൊണ്ടുവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുറേ നാളുകൾക്കു മുൻപ് കറുത്ത വസ്തുക്കൾ കണ്ടാൽ ദേഷ്യംപിടിച്ചിരുന്ന മുഖ്യമന്ത്രിക്ക് ഇപ്പോൾ വെളുത്ത ഷർട്ട് ഇട്ട യൂത്ത് കോണ്ഗ്രസ്, കെഎസ്യു പ്രവർത്തകരോടാണ് ദേഷ്യം. പ്രതിഷേധിക്കുന്നവരെ കരുതൽ തടങ്കലിലാക്കുന്നത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ ചെലവിൽ ഇടതുപക്ഷം നടത്തുന്ന ഈ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ആളുകളെ കബളിപ്പിക്കാനാണെന്നും ഇത് ജനം തിരിച്ചറിയുമെന്നും വി. ഡി. സതീശൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് സി. പി. മാത്യു, അഡ്വ. ഡീൻ കുര്യാക്കോസ് എംപി, ഇ.എം. ആഗസ്തി, കെ. ഫ്രാൻസിസ് ജോർജ് എക്സ് എംപി, റോയി കെ. പൗലോസ്, ജോയി വെട്ടിക്കുഴി, പ്രഫ.എം.ജെ.ജേക്കബ്, അഡ്വ.എസ്.അശോകൻ, പി.വി.സ്ക്കറിയ, എ.പി.ഉസ്മാൻ, എ.കെ.മണി , എ.പി.ഉസ്മാൻ ,ഒ.ആർ.ശശി ഇബ്രാഹിം കല്ലാർ ,കെ.എം.എ. ഷുക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു.