നെടുങ്കണ്ടം ടൗണില്‍ ഗതാഗത നിയന്ത്രണം
1377136
Sunday, December 10, 2023 12:30 AM IST
നെടുങ്കണ്ടം: നവകേരള സദസിന്റെ ഭാഗമായി നാളെ രാവിലെ 11.30 മുതല്‍ നെടുങ്കണ്ടം ടൗണില്‍ ഗതാഗത നിയന്ത്രണംഏര്പ്പെടുത്തുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ എ. മനോജ് അറിയിച്ചു. നെടുങ്കണ്ടം ബിഎഡ് കോളജ് ജംഗ്ഷന് മുതല്‍ ബസ് സ്റ്റാൻഡ് വരെ റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കില്ല. കല്ലാര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പഞ്ചായത്ത് സ്കൂളിനോടു ചേര്‍ന്നുള്ള ഹൈവേയിലൂടെ പച്ചടി ജംഗ്ഷനിലെത്തി ഉടുമ്പന്‍ചോല ഭാഗത്തേക്ക് പോകണം.
സദസില്‍ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങള്‍ എസ് ബിഐ-എച്ച്പി പമ്പിനു സമീപം ആളെ ഇറക്കിയ ശേഷം നിര്‍ദിഷ്ട സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം. നെടുങ്കണ്ടം പഞ്ചായത്തില്‍നിന്നു വരുന്ന വാഹനങ്ങള്‍ മൃഗാശുപത്രി ഗ്രൗണ്ട്, എസ്എച്ച് സ്കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് ഗ്രൗണ്ട്, റവന്യു ടവര്‍, പഴയ താലൂക്ക് ഓഫീസിനു മുന്‍വശം എന്നിവിടങ്ങളിലാണ് പാര്‍ക്ക് ചെയ്യേണ്ടത്.
പാമ്പാടുംപാറ, കരുണാപുരം ഗ്രാമപഞ്ചായത്തുകളില്‍നിന്നുള്ള വാഹനങ്ങള്‍ വിഎച്ച്എസ്ഇ ഗ്രൗണ്ടിലും ശാന്തന്‍പാറ, രാജകുമാരി, രാജാക്കാട്, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തുകളില്‍നിന്നുള്ള വാഹനങ്ങള്‍ ഹോളിക്രോസ് സ്കൂള്‍ ഗ്രൗണ്ടിലും ഇരട്ടയാറില്‍ നിന്നുള്ള വാഹനങ്ങള്‍ കരുണാ ആശുപത്രി, ഓര്‍ത്തഡോക്സ് ചര്‍ച്ച് ഗ്രൗണ്ടുകളിലും വണ്ടന്മേട് പഞ്ചായത്തില്നിന്നുള്ളവ ഗസ്റ്റ് ഹൗസ് റോഡിലും സേനാപതി പഞ്ചായത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കല്ലാര്‍ - മുണ്ടിയെരുമ റോഡിന്റെ ഒരു വശത്തുമാണ് പാര്‍ക്ക് ചെയ്യേണ്ടത്.