ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
1377135
Sunday, December 10, 2023 12:29 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് നാളെ നടക്കുന്ന ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ നവകേരള സദസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എം.എം. മണി എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകുന്നേരം അഞ്ചിന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ ഗ്രൗണ്ടിലാണ് നവകേരള സദസ് നടക്കുന്നത്.
25,000 ഓളം പേരെയാണ് സദസിലേക്ക് പ്രതീക്ഷിക്കുന്നത്. എല്ലാവര്ക്കും പരിപാടി വീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനായി സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ ഗ്രൗണ്ടില്‍ പൂര്‍ണമായും പന്തല്‍ നിര്‍മിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നിവേദനങ്ങള്‍ സ്വീകരിക്കുന്നതിനുള്ള കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. 20 കൗണ്ടറുകളാണ് ഇതിനായി ക്രമീകരിച്ചിട്ടുള്ളത്. പരിപാടിക്ക് മുമ്പും ശേഷവും പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് പ്രത്യേക കൗണ്ടര്‍ ഉണ്ടാകും.സദസിൽ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി ചുക്കു കാപ്പി, പഴങ്ങള്‍, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. മെഡിക്കല്‍ സേവനം, ആംബുലന്‍സ്, അഗ്നിരക്ഷാവകുപ്പിന്റെ സുരക്ഷ എന്നിവയും ക്രമീകരിക്കും.
പത്രസമ്മേളനത്തില്‍ എം.എം. മണി എംഎല്‍എയ്ക്ക് ഒപ്പം ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജ്, തഹസില്‍ദാര്‍ എ.വി. ജോസ്, സംഘാടക സമിതി ഭാരവാഹികളായ കെ.എസ്. മോഹനന്, പി.എന്‍. വിജയന്, ജോസ് പാലത്തിനാല്‍, ബേബിച്ചന് ചിന്താര്‍മണി, സിബി മൂലേപ്പറമ്പില്‍, വി.സി. അനില്‍, സനല്‍കുമാര്‍, എന്‍.കെ. ഗോപിനാഥന് എന്നിവരും പങ്കെടുത്തു.
ഉടുമ്പന്‍ചോല മണ്ഡലത്തിന്റെ വികസനസ്വപ്നങ്ങൾ സമർപ്പിക്കുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ
നെടുങ്കണ്ടം: നവകേരള സദസിൽ ഉടുമ്പൻചോല മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾ ഉൾപ്പെടുത്തിയ നിവേദനം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സമർപ്പിക്കുമെന്ന് നെടുങ്കണ്ടം മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
തിമിഴ്നാട് അതിർത്തി പട്ടണമായ ബോഡി നായ്ക്കന്നൂർ വരെയുള്ള റെയിൽ വേ, തേവാരം- നെടുംകണ്ടം- പൂപ്പാറ വഴി മൂന്നാറിലേക്ക് നീട്ടുന്നതിന് ഇടപെടൽ നടത്തണം. നിയമസഭാ പ്രത്യേക സമ്മേളനങ്ങൾ നടത്തുന്നതിനായി മൂന്നാർ- തേക്കടി ടുറിസം കേന്ദ്രങ്ങളുടെ മധ്യഭാഗത്തുള്ള ഉടുമ്പൻചോല മണ്ഡലത്തിൽ എക്കോ ഫ്രണ്ട്ലി ഗ്രീൻ ലജിസ്ലേറ്റീവ് അസംബ്ലി കോംപ്ലക്സ് നിർമിക്കണം.
മിനി എയർക്രാഫ്റ്റ് സർവിസ്, എയർ ആംബുലൻസ് സർവീസ് എന്നിവ ആരംഭിക്കണം. പഴം, പച്ചക്കറി സംസ്കാരണത്തിനായി വെയർ ഹൗസ് നിർമിക്കണം. ജില്ലയിലെ ഭൂ പ്രശ്ങ്ങൾ പരിഹരിച്ച് ഉപാധിരഹിതമാക്കണം.
മാലിന്യ സംസ്കാരണത്തിന്റെ പൂർണ ഉത്തരവാദിത്വം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഉറപ്പ് വരുത്തുക, ഇതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുക, മാലിന്യ പ്രശ്നങ്ങളുടെ പേരിൽ വ്യാപാരികളുടെ മേൽ ചുമത്തുന്ന ഭീമമായ പിഴ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെടുത്തിയാണ് നിവേദനം നൽകുന്നത്.
വ്യാപാരികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും പ്രാദേശിക വിഷയങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തുമെന്ന് ഭാരവാഹികളായ ആർ. സുരേഷ്, ജയിംസ് മാത്യു, സജീവ് ആർ. നായർ, പി. എസ്. സലിം എന്നിവർ അറിയിച്ചു.