മുഖ്യമന്ത്രിയും മന്ത്രിമാരും അറിയാൻ ഇടുക്കി രൂപതയുടെ ഭീമഹർജി
1377125
Sunday, December 10, 2023 12:13 AM IST
കരിമ്പൻ: കാസർഗോട്ടുനിന്ന് ആരംഭിച്ച സഞ്ചരിക്കുന്ന കാബിനറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന നവകേരള സദസ് ഇടുക്കിയിൽ എത്തുമ്പോൾ മലയോര ജനതയുടെ ആശങ്കകളും ആകുലതകളും പങ്കുവച്ച് ഇടുക്കി രൂപത ഭീമഹർജി സമർപ്പിക്കും.
ഭൂപ്രശ്നങ്ങൾ
ഇടുക്കിയുടെ ശാപമാണ് അനന്തമായി നീളുന്ന ഭൂപ്രശ്നങ്ങൾ. മൂന്നാറിനെ സംരക്ഷിക്കാനെന്ന പേരിൽ സൃഷ്ടിക്കപ്പെട്ട സങ്കീർണമായ ഭൂപ്രശ്നങ്ങൾ ഇടുക്കിയിലെ ജനങ്ങൾ അനുഭവിക്കുകയാണ്. ബഫർ സോൺ, നിർമാണ നിരോധനം, സംരക്ഷിത വനമേഖല പ്രഖ്യാപനം തുടങ്ങിയവയെല്ലാം ഈ നാടിനെ നാൾക്കുനാൾ പിന്നിലേക്കു തള്ളുന്നു.
ഏറ്റവും ഒടുവിലായി വന്ന ചിന്നക്കനാൽ റിസർവ് പ്രഖ്യാപനം ജനത്തെ ആശങ്കയിലേക്ക് തള്ളിവിട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വിഷയങ്ങൾ സങ്കീർണമാക്കുന്നതെന്ന് ഭരണപക്ഷ എംഎൽഎ പോലും പ്രഖ്യാപിച്ചിരിക്കുന്നു. അങ്ങനെയെങ്കിൽ വനംവകുപ്പിനെ നിയന്ത്രിക്കാൻ സർക്കാർ തയാറാകണം.
സമാന്തര സർക്കാരായി പ്രവർത്തിക്കുന്ന കേരള വനംവകുപ്പ് അവരുടെ കർത്തവ്യമായ വനം - വന്യജീവി പരിപാലനത്തിനുപരിയായി സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് ശ്രമിക്കുന്നത്. 1960ലെ ഭൂപതിവ് നിയമപ്രകാരം പതിച്ചു നൽകിയ ഭൂമി സ്വതന്ത്രമായി ഉപയോഗിക്കാൻ കർഷകർക്ക് അനുമതി നൽകണം.
2019 ഓഗസ്റ്റ് 22ന് പുറപ്പെടുവിച്ച നിർമാണ നിരോധന നിയമം പിൻവലിക്കണം. നവകേരള യാത്രയുടെ ഭാഗമായി കുമളിയിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പരിഹരിക്കാവുന്ന വിഷയങ്ങളേ ഇടുക്കിയിൽ ഉള്ളൂ.
വന്യമൃഗശല്യം
കുടിയേറ്റക്കാലത്തെ വെല്ലുന്ന തരത്തിലുള്ള വന്യമൃഗശല്യമാണ് ഇപ്പോൾ ഇടുക്കിയിലുള്ളത്. കൃഷി സാധ്യമല്ലാത്ത വിധത്തിലേക്ക് വന്യമൃഗശല്യം മാറിക്കഴിഞ്ഞു. ആളുകളുടെ ജീവനും ഇപ്പോൾ അപകടത്തിലാണ്. വന്യമൃഗങ്ങളെ വനത്തിൽ നിയന്ത്രിക്കുന്നതിനുള്ള പ്രായോഗിക നടപടികൾ സർക്കാർ ത്വരിതപ്പെടുത്തണം.
നാണ്യവിളകളുടെ വിലയിടിവ്
പൂർണമായും കാർഷിക മേഖലയായ ഇടുക്കി നാണ്യവിളകളുടെ വിലയിടിവുമൂലം പ്രതിസന്ധിയിലാണ്. ഇതിൽ സർക്കാരിന്റെ സത്വര ശ്രദ്ധ ഉണ്ടാകണം.ഏലം മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെടണം. ലേല ഏജൻസികൾ കർഷകർക്ക് സമയബന്ധിതമായി പണം നൽകാൻ നടപടി ഉണ്ടാകണം. ഉത്പാദനത്തിനനുസരിച്ചുള്ള മാർക്കറ്റ് കണ്ടെത്തി കർഷകരെ സഹായിക്കാൻ സ്പൈസസ് ബോർഡ് നടപടി വേണം.
പച്ചപിടിക്കാത്ത ടൂറിസം
ടൂറിസത്തിന്റെ കലവറയാണ് ഇടുക്കി. ധാരാളം വശ്യമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇടുക്കിയിൽ ഉണ്ട്. അവയെ വളർത്തുന്നതിനുള്ള നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാകുന്നില്ല. ഇടുക്കിയുടെ ടൂറിസം സാധ്യതകളെ കണ്ടെത്തുന്നതിനുള്ള മാസ്റ്റർ പ്ലാൻ അടിയന്തരമായി തയാറാക്കുകയും അത് കർമപഥത്തിൽ എത്തിക്കുകയും ചെയ്യണം.
ആശങ്കയൊഴിയാത്ത മുല്ലപ്പെരിയാർ
മഴക്കാലമാകുമ്പോൾ തലപൊക്കുകയും പിന്നീട് ശാന്തമാവുകയും ചെയ്യുന്ന ഗൗരവതരമായ വിഷയമാണ് മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ. ഡാം ഉയർത്തുന്ന ആശങ്ക വലുതാണെന്ന് രാജ്യാന്തരതലത്തിൽ പോലും ചർച്ചയായിരിക്കുന്ന സാഹചര്യത്തിൽ ശാശ്വത പരിഹാരം കണ്ടെത്താൻ കേരള സർക്കാർ മുൻകൈയെടുക്കണം. തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും എന്ന നയത്തിൽ നിന്നുള്ള പരിഹാരമാർഗമാണ് ഉണ്ടാകേണ്ടത്.
മുല്ലപ്പെരിയാർ ഡാമിൽ ജലമർദം വർധിക്കുന്നത് അപകടകരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 110 അടിയിൽ സംഭരണം ക്രമപ്പെടുത്തി കൂടുതലായി എത്തുന്ന വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കി അവിടെ സംഭരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണം.
രണ്ടു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ ഒരുമിച്ചിരുന്ന് ചർച്ച നടത്തി ഈ വിഷയം പരിഹരിക്കാവുന്നതേയുള്ളൂ. അതിനു മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുക്കണം. കേരളത്തോട് സൗഹാർദം പുലർത്തുന്ന തമിഴ്നാട് മുഖ്യമന്ത്രിയെ വിഷയം ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ പ്രശ്നപരിഹാരമുണ്ടാകും.
റോഡുകൾ വികസിപ്പിക്കണം
ഇടുക്കിയിലെ റോഡുകൾ പൊതുവേ ഗതാഗതയോഗ്യമാണെങ്കിലും ഉൾനാടൻ ഗ്രാമങ്ങളിലെ റോഡുകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകണം. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വീതിക്കുറവും വളവുകളും ഇവിടെ യാത്ര ദുർഘടമാക്കുന്നു. റോഡുകൾക്ക് ഓട ഇല്ലാത്തതും റോഡ് സൈഡിൽ കാട് വളരുന്നതും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കാൻ കാരണമാവുകയും അപകടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.
ഇടുക്കിയെ കേരളത്തിന്റെ പ്രധാന പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്ന നാലുവരിപ്പാതകൾ നിർമിച്ചാൽ ഈ നാടിന്റെ ഗണ്യമായ വളർച്ചയ്ക്ക് ഉപകരിക്കാനാകും. ആരോഗ്യ മേഖലയ്ക്കും ഗുണകരമാകും. വിദഗ്ദ ഡോക്ടർമാർ ഇടുക്കിയിലെത്തി ജോലിചെയ്യാനുള്ള വൈമുഖ്യവും ഒഴിവാകും.
അവശതയിലായ ആരോഗ്യമേഖല
പരിതാപകരമാണ് ഇടുക്കിയിലെ ആരോഗ്യ മേഖല. വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള ഒരു സാധ്യതയും നിലവിൽ ഇടുക്കിയിൽ ഇല്ല. മൂന്നും നാലും മണിക്കൂർ എടുക്കും രോഗിയെ നാട്ടിൻപുറത്തുള്ള ഒരു ആശുപത്രിയിൽ എത്തിക്കാൻ.
ഒരു സൂപ്പർ സ്പെഷാലിറ്റി ആശുപത്രി ഇടുക്കിയിൽ ഉണ്ടാകണം. മെഡിക്കൽ കോളജ് ഉണ്ടായെങ്കിലും മെഡിക്കൽ കോളജ് ആശുപത്രിയുടെ അവസ്ഥ ദയനീയമാണ്. ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും അടിയന്തരമായി വിദഗ്ധ ഡോക്ടർമാരെ നിയമിക്കുകയും ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുകയും വേണം.
കുടിയിറങ്ങുന്ന ഹൈറേഞ്ച്
കുടിയേറ്റ നാടായ ഇടുക്കി ഇന്ന് കുടിയിറക്ക് ഭീഷണിയിലാണ്. ദിനംപ്രതി ഇവിടെ ആളുകൾ കുറയുകയാണ്. കാർഷിക മേഖലയുടെ തകർച്ചയും വരുമാനസ്രോതസുകളുടെ ദൗർലഭ്യവുമാണ് പുതുതലമുറയെ ഇവിടെനിന്ന് കുടിയിറങ്ങാൻ നിർബന്ധിക്കുന്നത്.
ഇടുക്കിയിൽ സംരംഭക സാധ്യതകൾ തുറന്ന് പുതുതലമുറയ്ക്ക് നാട്ടിൽ വരുമാനമാർഗങ്ങൾ കണ്ടെത്താൻ സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടാകണം. അതുണ്ടായില്ലെങ്കിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇവിടെയുള്ള ആളുകൾ പൂർണമായും പുതിയ മേച്ചിൽപ്പുറങ്ങൾ തേടി മലയിറങ്ങും.
നവകേരളം നിർമിതിയെ ലക്ഷ്യം വയ്ക്കുന്ന ഇൗ യാത്ര ഇടുക്കിയിൽ എത്തുമ്പോൾ അത് നവ ഇടുക്കിക്ക് വഴിയൊരുക്കും എന്നാണ് പ്രതീക്ഷ. അതിന് ജനത്തെ അടിസ്ഥാനപരമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ ദ്രുതഗതിയിലുള്ള ഇടപെടലുകൾ ഉണ്ടാകണമെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് തയാറാക്കിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു.