കഥകളിത്തട്ട് കളറാക്കാൻ രണ്ടുപേർ
1376867
Friday, December 8, 2023 11:57 PM IST
കട്ടപ്പന: കലോത്സവത്തിലെ പ്രധാന മത്സരയിനമായ കഥകളിയിൽ ആകെ പങ്കെടുത്തത് രണ്ട് പേർ. എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി ആണ്- പെണ് തിരിച്ച് നാല് മത്സരങ്ങളാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ എച്ച്എസ്എസിൽ നിന്ന് ഒരു പെണ്‍കുട്ടിയും എച്ച്എസിൽ നിന്ന് ഒരു ആണ്‍കുട്ടിയും മാത്രമാണ് മത്സരിച്ചത്. കഥകളി വേദിയിൽ എത്താൻ വേണ്ടി വരുന്ന ഭീമമായ ചെലവാണ് ആഗ്രഹമുണ്ടായിട്ടും ഭൂരിപക്ഷം കുട്ടികളും പിൻവാങ്ങാൻ കാരണം.
ചെണ്ട, മദ്ദളം, രണ്ട് ഗായകർ, ചുട്ടി, മുഖത്തെഴുത്ത്, ഉടുത്തുകെട്ട് എന്നിവയ്ക്കെല്ലാം കൂടി ഗുരുവടക്കം എട്ടോളം പേരാണ് സംഘത്തിലുണ്ടാവേണ്ടത്. ഇവർക്കുള്ള പ്രതിഫലവും ചമയത്തിനും വേഷവിധാനങ്ങൾക്കും മറ്റും വരുന്ന ചെലവും ചേർത്ത് ഒരു കഥകളി മത്സരാർഥിയെ വേദിയിലെത്തിക്കാൻ ഒരു ലക്ഷം രൂപയോളം ചെലവ് വരും.
ഹൈസ്കൂൾ വിഭാഗത്തിൽ കരിമണ്ണൂർ സെന്റ് ജോസഫ്സ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥി എഡ്വിൻ എസ്.ചെന്പരത്തിക്കാണ് ഒന്നാം സമ്മാനം. കാലകേയ വധം കഥയിലെ അർജുനന്റെ വേഷമാണ് എഡ്വിൻ അവതരിപ്പിച്ചത്. കുടമാളൂരിൽ കലാമണ്ഡലം ഭാഗ്യനാഥിന്റെയടുക്കൽ ദിവസവും പോയായിരുന്നു പഠനം. മുതലക്കോടം ചെന്പരത്തി സാജു വി. ചെന്പരത്തിയുടെയും സ്മിത കെ സെബാസ്റ്റ്യന്റെയും മകനാണ്.
എച്ച്എസ് വിഭാഗത്തിൽ കുമാരമംഗലം എംകഐൻഎം എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർഥിനി അഖില എൻ. ആനന്ദാണ് ഒന്നാം സ്ഥാനം നേടിയത്. കല്യാണസൗഗന്ധികം കഥയിലെ കൃഷ്ണ വേഷമാണ് അഖില അവതരിപ്പിച്ചത്. കലാമണ്ഡലം അരവിന്ദ് ആണ് ഗുരു. വെങ്ങല്ലൂർ നികത്തിൽ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ആനന്ദന്റെയും കഐസ്എഫ്ഇ മാനേജർ സിന്ധുവിന്റെയും മകളാണ്.