നവകേരള സദസ് പാവങ്ങളോടുള്ള വെല്ലുവിളി: മഹിളാ കോൺഗ്രസ്
1376860
Friday, December 8, 2023 11:53 PM IST
ചെറുതോണി: സാമ്പത്തിക പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പട്ടിണിപ്പാവങ്ങളോടുള്ള വെല്ലുവിളിയാണ് മുഖ്യമന്ത്രി പിണറായി വിജനും സഹമന്ത്രിമാരുംകൂടി നടത്തുന്ന നവകേരള സദസെന്ന് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു.
മാസങ്ങളായി ക്ഷേമനിധി പെൻഷൻ കിട്ടാത്ത ലക്ഷക്കണക്കിനു വയോജനങ്ങളും വികലാംഗ, വിധവ വിഭാഗത്തിൽപ്പെട്ട ആളുകളും കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. അവരുടെ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സർക്കാർ കോടികൾ ധൂർത്തടിച്ചു വിനോദയാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്ന് മഹിളാ കോൺഗ്രസ് കുറ്റപ്പെടുത്തി.
ധനകാര്യ സ്ഥാപനങ്ങളുടെ നീരാളിപ്പിടിത്തംകൊണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധികൊണ്ടും ജനങ്ങൾ പൊറുതിമുട്ടുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മാമാങ്കങ്ങൾ പഴയ രാജഭരണകാലത്തെ രാജാക്കന്മാരുടെ എഴുന്നള്ളത്തിനെയാണ് അനുസ്മരിപ്പിക്കുന്നത്.
ഇതൊന്നും മനസിലാക്കാതെ രാഷ്ട്രീയ മുതലെടുപ്പ് മുന്നിൽകണ്ട് സർക്കാർ നടത്തുന്ന ധൂർത്ത് ജനം പുച്ഛിച്ചുതള്ളുമെന്ന് മഹിളാ കോൺഗ്രസ് നേതൃയോഗം ആരോപിച്ചു. ഇടുക്കി ഡിസിസി ഓഫീസിൽ ചേർന്ന നേതൃയോഗത്തിൽ ജില്ലാ പ്രസിഡന്റ് മിനി സാബു അധ്യക്ഷത വഹിച്ചു.