ആശുപത്രി ജീവനക്കാരൻ മറിച്ചുവിറ്റ ഫോൺ ആറു മാസത്തിനുശേഷം തിരികെ ലഭിച്ചു
1376857
Friday, December 8, 2023 11:53 PM IST
കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വച്ച് നഷ്ടമായ യുവതിയുടെ മൊബൈൽ ഫോൺ ആശുപത്രി ജീവനക്കാരൻ മറിച്ചുവിറ്റു. അന്വേഷണത്തിനൊടുവിൽ ആറ് മാസങ്ങൾക്ക് ശേഷം ഫോൺ തൊടുപുഴയിൽ നിന്ന് കണ്ടെത്തി.
കട്ടപ്പന സ്വദേശിനി ജയശ്രീ പി. രാഘവന്റെ 32,000 രൂപ വിലയുള്ള ഓപ്പോ മൊബൈൽ ഫോണാണ് ആശുപത്രി ജീവനക്കാരൻ 7,500 രൂപയ്ക്ക് തൊടുപുഴയിൽ വിറ്റത്. കഴിഞ്ഞ മേയ് 21ന് ചികിത്സയ്ക്കായി ഇരുപതേക്കറിലെ താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് ജയശ്രീയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത്. തുടർന്ന് കട്ടപ്പന പോലീസിൽ പരാതി നൽകി.
എന്നാൽ ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെ കട്ടപ്പന ഡിവൈഎസ്പിക്ക് യുവതി പരാതി നൽകി. അടുത്തിടെയാണ് മൊബൈൽ ഫോൺ തിരികെ ലഭിച്ചുവെന്ന സന്ദേശം യുവതിക്ക് എത്തിയത്. ഫോൺ കട്ടപ്പന പോലീസ് സ്റ്റേഷനിൽ വന്ന് കൈപ്പറ്റണമെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു.
താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരൻ മൊബൈൽ ഫോൺ തൊടുപുഴ മുതലക്കോടം സ്വദേശികൾക്കാണ് മറിച്ചു വിറ്റത്. ഫോണിന് തകരാർ സംഭവിച്ചതിനാൽ ഇയാളിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി നൽകണമെന്നാണ് ജയശ്രീയുടെ ആവശ്യം.