കുമളിയിൽ കാളവണ്ടി ഓട്ട പ്രചാരണ പരിപാടിക്കിടെ കാളകൾ വിരണ്ടോടി നിരവധിപ്പേർക്കു പരിക്ക്
1376849
Friday, December 8, 2023 11:43 PM IST
കുമളി: നവകേരള പരിപാടിയുടെ മോടി കൂട്ടാൻ ബന്ധപ്പെട്ടവർ നടത്തിയ കാളവണ്ടി ഓട്ട മത്സരം ‘കാളകളി’ യായി മാറി. നിരവധിയാളുകൾക്ക് പരിക്കേറ്റു. ശബരിമല സീസണ് ആയതിനാൽ കുമളി ടൗണ്‍ അടക്കമുള്ള പ്രദേശങ്ങളിലെ റോഡുകളിൽ ജനത്തിരക്കും വാഹനത്തിരക്കും ഏറെ ഉണ്ടായിരുന്നപ്പോഴാണ് വേണ്ട മുൻകരുതലുകളോ മുന്നറിയപ്പോ ബന്ധപ്പെട്ടവരുടെ അനുമതിയോ കൂടാതെ കാളവണ്ടി ഓട്ടം സംഘടിപ്പിച്ചത്.
കേരളത്തിൽ കാളയും വണ്ടിയും ഇല്ലാത്തതിനാൽ കാശു മുടക്കി തമിഴ്നാട്ടിലെ ഗൂഡല്ലൂർ, കന്പം എന്നിവിടങ്ങളിൽ നിന്നാണ് കാള വലിക്കുന്ന വണ്ടി കൊണ്ടുവന്നത്. സാധാരണ കേരളത്തിലെ കാളവണ്ടികളായിരുന്നില്ല കാളവണ്ടി ഓട്ടത്തിനു കൊണ്ടുവന്നിരുന്നത്.
രണ്ട് കാളകളെ കെട്ടി വലിക്കുന്ന യാത്രയ്ക്കു പയോഗിക്കുന്ന വില്ല് വണ്ടികളാണ് നവകേരള സദസ്സിന്റെ പ്രചാരണപരിപാടിക്കായി കൊണ്ടുവന്നിരുന്നത്. എട്ട് വില്ലുവണ്ടികൾ ഇന്നലെ രാവിലെ തന്നെ ഓട്ടത്തിന്റെ സ്റ്റാർട്ടിംഗ് പോയിന്റായ കുമളി ഒന്നാം മൈലിൽ സ്ഥാനം പിടിച്ചിരുന്നു. ഒന്നാം മൈൽ - കുമളി ടൗണ്‍ - ചെളിമട വഴി ഒന്നാം മൈലിൽ തിരിച്ചെത്താനായിരുന്നു പരിപാടി.
സ്റ്റാർട്ട് വിസിൽ മുഴങ്ങിയതോടെ കാളകളുടെ പുറത്ത് ചാട്ടവാർ വീഴുന്ന ശബ്ദവും കാളവണ്ടിക്കാരന്റെ ആക്രോശവും ഒപ്പം, നീണ്ട കന്പിൽ ഘടിപ്പിച്ച കൂർത്ത ഇരുന്പാണി കാളകളുടെ തുട തുളച്ചുകയറുകയും ചെയ്തതോടെ പ്രാണവേദനയാൽ കാളകൾ വണ്ടിയും വലിച്ച് കുതിച്ചോടി. പോകുന്ന വഴിയിൽ കാളവണ്ടികൾ വാഹനങ്ങളിൽ തട്ടി. ജനം ജീവനുംകൊണ്ട് നാനാദിക്കിലേക്കും ഓടിമാറി.
മുന്‍പേ പോയ കാളവണ്ടി വണ്ടൻമേട് ജംഗ്ഷനിൽ കാറിലും മറ്റ് വാഹനങ്ങളിലും തട്ടി. നേരേ അത് സ്വന്തം ഉൗരായ കന്പത്തിനു വച്ചുപിടിച്ചു. പിന്നാലെ വന്ന ഒരെണ്ണം ജീപ്പിൽ തട്ടി കാളവണ്ടിയുടെ ഒരു ചക്രം ഉൗരി റോഡിൽ തെറിച്ചുവീണ് ഒടിഞ്ഞ് കഷണങ്ങളായി. കാളകൾ കടകളിലേക്കു കയറാനും ശ്രമിച്ചു. ഒറ്റ ചക്രവുമായി തേക്കടി റോഡിലേക്ക് പാഞ്ഞ കാളകളെ ഒരു തരത്തിലാണ് തടഞ്ഞത്.
പോലീസിന്റെയും ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെയും മൂക്കിന് താഴെ എന്ന് പറയാൻ പറ്റില്ല, മൂക്കിന് മുകളിലൂടെയാണ് മനുഷ്യജീവൻ പന്താടിയുള്ള കാളക്കൂത്ത് നടത്തിയത്. കാളവണ്ടി പ്രകടനത്തിനെതിരേ മൃഗസ്നേഹികളും രംഗത്തെത്തിയിട്ടുണ്ട്. പരാതി ഉണ്ടായാൽ കേസെടുക്കുമെന്നാണ് പോലീസ് വിശദീകരണം.