വിനോദസഞ്ചാരികൾക്കെതിരേ കള്ളക്കേസ് പന്തംകൊളുത്തി പ്രകടനത്തിൽ ജനരോഷമിരന്പി
1376843
Friday, December 8, 2023 11:43 PM IST
മാങ്കുളം: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന വനംവകുപ്പ് നടപടിക്കെതിരേ മാങ്കുളം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ഇന്നലെ വൈകുന്നേരം ആറോടെ റേഷൻകട സിറ്റിയിൽ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. തുടർന്നു നടന്ന പ്രതിഷേധ യോഗം മാങ്കുളം പള്ളിവികാരി ഫാ. മാത്യു കരോട്ട്കൊച്ചറയ്ക്കൽ ഉദ്ഘാടനം ചെയ്തു.
ആവറുക്കുട്ടി മേഖലയിലെ വനത്തിൽ അതിക്രമിച്ചുകയറിയെന്ന് ആരോപിച്ച് 10 യുവാക്കൾക്കെതിരേ കഴിഞ്ഞ ദിവസം വനംവകുപ്പ് കേസെടുത്തത് വ്യാപക പ്രതിഷേധത്തിനു കാരണമായി. വിനോദസഞ്ചാരികളായിരുന്ന ഇവർക്കെതിരേ നായാട്ട് ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.
അടിമാലി വാളറ സെക്ഷനിലെ വനപാലകരാണ് യുവാക്കളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ യുവാക്കൾക്ക് അടിമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.കാക്കനാട്, പെരുന്പാവൂർ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾ വളർത്തുന്ന പിറ്റ്ബുൾ ഇനത്തിൽപെട്ട നായയുമുണ്ടായിരുന്നു. ഇക്കാരണത്താലാണ് നായാട്ടിനെത്തിയതെന്ന വകുപ്പും ചേർത്തത്.
വന്യമൃഗങ്ങളുടെ സ്വൈരവിഹാരത്തിനു തടസമാകുമെന്ന കാരണത്താൽ ആവറുകുട്ടി-കുറത്തിക്കുടി റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഇതിനെതിരേ കുട്ടന്പുഴ പൗരസമിതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നു റോഡ് താത്കാലികമായി തുറന്നുകൊടുക്കാൻ ഉത്തരവിട്ടിരുന്നു.