നടനാണ് അൽനയെന്ന പെണ്കുട്ടി
1376584
Thursday, December 7, 2023 11:56 PM IST
കട്ടപ്പന: റവന്യു ജില്ലാ കലോത്സവത്തിലെ ഹയർസെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ മികച്ച നടനായി പെണ്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത് വ്യത്യസ്ത അനുഭവമായി. മൂലമറ്റം എസ്എച്ച്ഇഎംഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനി അൽന ബിജുവാണ് മികച്ച നടനുള്ള പുരസ്കാരം നേടിയത്.
എ. ശാന്തകുമാർ രചിച്ച് ലുക്മാൻ മൊറയൂർ സംവിധാനം ചെയ്ത ഒരു ജിബ്രീഷ് കിനാവ് എന്ന നാടകത്തിൽ സ്ത്രീകളടക്കമുള്ള പാവങ്ങളെ ചൂഷണം ചെയ്യുന്ന ജന്മിയായ കുള്ളൻ കുമാരൻ എന്ന പുരുഷകഥാപാത്രത്തെയാണ് അൽന അവതരിപ്പിച്ചത്. ജിബ്രീഷ് ഭാഷയിലാണ് ഈ നാടകത്തിലെ ചില കഥാപാത്രങ്ങൾ സംസാരിക്കുന്നത്.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം വാക്കുകൾ തിരിച്ചും മറിച്ചുമിട്ട് വിദ്യാർഥികൾ തന്നെയാണ് ഈ വ്യത്യസ്ത ഭാഷ തയാറാക്കിയത്. മൂലമറ്റം അറക്കുളം പാലയ്ക്കാട്ട്കുന്നേൽ ബിജു ജോർജിന്റെയും സിനിയുടെയും മകളാണ് അൽന. മത്സരത്തിന് മുന്പ് സാങ്കേതിക തകരാറിനെ തുടർന്ന് ഈ സ്കൂളിലെ 10 അംഗ ടീമിൽ ഒരാളുടെ പേര് മാത്രമാണ് രജിസ്റ്ററായത്.
അതിനാൽ ജയിച്ചാലും ഒരാൾക്ക് മാത്രമാണ് സർട്ടിഫിക്കറ്റ് കിട്ടുക. ഇതോടെ വിദ്യാർഥിനികൾ ആശങ്കയിലായിരുന്നു. പിന്നീട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇടപെട്ട് പ്രശ്നം പരിഹരിച്ചതിന് ശേഷമാണ് മത്സരാർഥികൾ വേദിയിൽ കയറിയത്.