മദർ ആൻഡ് ചൈൽഡ് നയിച്ചു; ബാൻഡിൽ പൈങ്കുളവും കല്ലാനിക്കലും
1376059
Tuesday, December 5, 2023 11:23 PM IST
കട്ടപ്പന: പൈങ്കുളം മദർ ആന്‍ഡ് ചൈൽഡിന്റെ ചിറകിലേറി പൈങ്കുളം സെന്റ് റീത്താസ് ഹൈസ്കൂളും കല്ലാനിക്കൽ സെന്റ് ജോർജ് എച്ച്എസ്എസും ബാൻഡ് മേളത്തിൽ ഒരിക്കൽകൂടി വെന്നിക്കൊടി പാറിച്ചു. തുടർച്ചയായ രണ്ടാം തവണയാണ് രണ്ടു സ്കൂളുകളും ജില്ലാ കലോത്സവത്തിൽ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടുന്നത്.
അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന മൈലക്കൊന്പ് മദർ ആന്‍ഡ് ചൈൽഡ് ഫൗണ്ടേഷനിലെ 36 കുട്ടികളാണ് രണ്ടു സ്കൂളുകൾക്കായി ബാൻഡു മേളത്തിൽ മാറ്റുരച്ചത്. എച്ച്എസ് വിഭാഗത്തിൽ മൽസരിച്ച പൈങ്കുളം സെന്റ് റീത്താസിലെ 20 കുട്ടികളും മദർ ആന്‍ഡ് ചൈൽഡിൽ നിന്നുള്ളവരായിരുന്നു.
കല്ലാനിക്കൽ സെന്റ് ജോർജ് സ്കൂൾ ടീമിലെ 20 കുട്ടികളിൽ 16 പേരും മദർ ആന്‍ഡ് ചൈൽഡിന്റെ സംഭാവനയാണ്. മദർ ആന്‍ഡ് ചൈൽഡിലെ അന്തേവാസികളായ ആൽബിച്ചൻ, വിപിൻ എന്നിവരാണ് കുട്ടികളെ ബാന്റ് മേളം പരിശീലിപ്പിച്ചത്. ഇപ്പോൾ ബിഎഡിന് പഠിക്കുന്ന വിപിൻ അഞ്ചാം വയസിലാണ് മദർ ആന്റ് ചൈൽഡിലെത്തിയത്. ആൽബിച്ചൻ ഒന്നര വയസുള്ളപ്പോഴാണ് ഇവിടെയെത്തിയത്. ഇപ്പോൾ ഗ്രാഫിക് ഡിസൈനിംഗ് കോഴ്സിനു പഠിക്കുന്നു. ഇവർക്ക് ബെൻ ബാൻഡ് എന്ന പേരിൽ മ്യൂസിക് ട്രൂപ്പുമുണ്ട്.
25 വർഷം മുന്‍പാണ് മദർ ആന്‍ഡ് ചൈൽഡ് രൂപീകരിച്ചത്. തോമസ് മൈലാടൂർ ആണ് സ്ഥാപകൻ. ഇപ്പോൾ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ജോഷി മാത്യു ഓടയ്ക്കലാണ് മദർ ആന്റ് ചൈൽഡിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്.