വയലിനിൽ തിളങ്ങി സഹോദരങ്ങൾ
1376057
Tuesday, December 5, 2023 11:23 PM IST
കട്ടപ്പന: വയലിനിൽ സഹോദരങ്ങൾ തിളങ്ങിയപ്പോൾ അത് ആതിഥേയ സ്കൂളായ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിന് അഭിമാനമായി. പത്താം ക്ലാസ് വിദ്യാർഥി ഡെയിനും സഹോദരിയായ പ്ലസ്ടു വിദ്യാർഥിനി ഡിയയുമാണ് വയലിനിൽ ഒന്നാം സ്ഥാനം നേടിയത്. ഡെയിൻ എച്ച്എസ് വിഭാഗം വയലിൻ പശ്ചാത്യത്തിലും പൗരസ്ത്യത്തിലും ഒന്നാമനായപ്പോൾ ചേച്ചി ഡിയ പാശ്ചാത്യത്തിലാണ് ഒന്നാം സ്ഥാന നേടിയത്.
ആറ് വർഷമായി ഇരുവരും വയലിൻ അഭ്യസിക്കുന്നുണ്ട്. പാശ്ചാത്യത്തിൽ വെള്ളിലാംകണ്ടം സ്വദേശി കൃഷ്ണപ്രിയ ബാബുവും പൗരസ്ത്യത്തിൽ കലാമണ്ഡലം ഹരിതയുമാണ് ഗുരുക്കൾ. ഡിയയ്ക്ക് വൃന്ദവാദ്യത്തിലും സമ്മാനമുണ്ട്. വിവിധ ക്വിസ് മത്സരങ്ങളിൽ സംസ്ഥാന, ജില്ലാ തലങ്ങളിലെ വിജയി കൂടിയാണ് ഡെയ്ൻ. സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റന്റ് കട്ടപ്പന ഇളപ്പാനിക്കൽ ജിൻസ് ജോണിന്റെയും വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂളിലെ അധ്യാപിക ഷീന ആന്റണിയുടെയും മക്കളാണിവർ.