കലയുടെ രാപ്പകലുകൾക്ക് കട്ടപ്പനയിൽ കേളികൊട്ടുയർന്നു
1376056
Tuesday, December 5, 2023 11:23 PM IST
കട്ടപ്പന: കലയുടെ രാപ്പകലുകൾക്ക് കട്ടപ്പനയിൽ കേളികൊട്ടുയർന്നു. 34-ാമത് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് കട്ടപ്പന സെന്റ് ജോർജ് സെക്കൻഡറി സ്കൂളിൽ കൊടിയേറി. കൗമാരത്തിന്റെ കലാ വിരുന്ന് 10 വേദികളിലായാണ് അരങ്ങേറുന്നത്. ഏഴു സബ്ജില്ലകളിൽ നിന്നായി 4,000ത്തോളം കലാപ്രതിഭകളാണ് കലോത്സവത്തിന് ആവേശം പകരുന്നത്. സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ, ഓസാനാം ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോർജ് പാരീഷ് ഹാൾ, സി എസ് ഐ ഗാർഡൻ, ദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയം തുടങ്ങിയവയാണ് പ്രധാന വേദികൾ.
കലോത്സവത്തിന് മുന്നോടിയായി കട്ടപ്പന ടൗണ്‍ ചുറ്റി വർണാഭമായ വിളംബര റാലി സംഘടിപ്പിച്ചു. ഡിവൈഎസ്പി വി.എ. നിഷാദ് മോൻ ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയർപേഴ്സണ്‍ ഷൈനി സണ്ണി ചെറിയാൻ, സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ മാനേജർ ഫാ.ജോസ് മാത്യു പറപ്പള്ളിൽ,സിജു ചക്കുംമൂട്ടിൽ, ജോർജി മാത്യു, ഷാജി നെല്ലിപ്പറന്പിൽ, ജയ്ബി ജോസഫ്, എം.കെ.തോമസ്, മജീഷ് ജേക്കബ് എന്നിവർ നേതൃത്വം നൽകി. വിവിധ സ്കൂളുകളിലെ വ്യത്യസ്ത വേഷവിധാനങ്ങളോടെയാണ് റാലിയിൽ അണി നിരന്നത്.