കുടിയിറക്കൽ ആശങ്കകൾ അവസാനിക്കുന്നില്ല
1376055
Tuesday, December 5, 2023 11:23 PM IST
രാജകുമാരി: ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനം ആക്കാനുള്ള നടപടികൾ വനം വകുപ്പ് മരവിപ്പിെച്ചെങ്കിലും മേഖലയിലെ ജനങ്ങളുടെ കുടിയിറക്കൽ ആശങ്കകൾ അവസാനിക്കുന്നില്ല. ആരാധനാലയങ്ങൾ അടക്കം കുടിയിറക്ക് ഭീഷണിയിലാണ്.
ദൗത്യസംഘം നോട്ടീസ് നൽകിയ നിരവധി ആളുകളുടെ ഭൂമിയുടെയും അവകാശം അനിശ്ചിതത്വത്തിൽ തുടരുകയാണ് .
ദൗത്യസംഘം താത്കാലികമായി മേഖലയിലെ ഒഴിപ്പിക്കൽ നടപടികൾ നിർത്തിവച്ചിരിക്കുന്നതായാണ് റവന്യൂ അധികൃതർ നൽകുന്ന വിവരം.
അതേ സമയം എപ്പോൾ വേണമെങ്കിലും തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടും എന്നുള്ള ജനങ്ങളുടെ ആശങ്ക തുടരുകയാണ്.
മേഖലയിലെ ആരാധനാലയങ്ങൾ അടക്കം കൈയേറ്റ ഭൂമിയിൽ ആണെന്നാണ് റവന്യൂ അധികൃതർ നാട്ടുകാരെ അറിയിച്ചിട്ടുള്ളത്.ഗുരുമന്ദിരവും പള്ളിയും അമ്പലങ്ങളും വരെ കുടിയിറക്ക് ഭീഷണിയിലാണ്.ഇത്തരത്തിലുള്ള നീക്കം എന്തു വില കൊടുത്തും ചെറുക്കുമെന്നാണ് ജനങ്ങളുടെ ഒറ്റക്കെട്ടായ തീരുമാനം.
പതിറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ കുടിയേറി ജീവിതം കരുപ്പിടിപ്പിച്ചവരാണ് സിങ്ക് കണ്ടം മേഖലയിലെ നാട്ടുകാർ. പക്ഷേ സർക്കാർ രേഖകളിൽ ഇവർ കൈയേറ്റക്കാരാണെന്നാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.മരണം വരെയും പോരാട്ടം തുടരുമെന്നാണ് നാട്ടുകാർ വീണ്ടും ആവർത്തിക്കുന്നത്.