പോലീസുകാരനെ സഹപ്രവർത്തകർ പീഡിപ്പിക്കുന്നതായി പരാതി
1376054
Tuesday, December 5, 2023 11:23 PM IST
ചെറുതോണി: പോലീസുകാരനെ സഹപ്രവർത്തകർ വ്യാജ പരാതികൾ നൽകി പീഡിപ്പിക്കുന്നതായി ബന്ധുക്കൾ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
ഇടുക്കി - കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എം.വി. സാജുവിന്റെ ബന്ധുക്കളാണ് പരാതി നൽകിയിരിക്കുന്നത്. സാജുവിന് ആറുമാസം മുമ്പ് കഞ്ഞിക്കുഴി സ്റ്റേഷനിൽനിന്നു പൊതുസ്ഥലം മാറ്റം ഉണ്ടായി. എന്നാൽ ഈ സമയം രജിസ്റ്റർ ചെയ്ത രണ്ടു കേസുകളുടെ അന്വേഷണ ഭാഗമായി സാജുവിനെ കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിൽതന്നെ നില നിർത്തി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കി. ഇതിൽ വിദ്വേഷം തോന്നിയ സ്റ്റേഷനിലെ രണ്ടു പോലീസ് ഉദ്യോഗസ്ഥർ സാജുവിനെതിരെ പോക്സോ കേസിൽ വ്യാജ കൈക്കൂലി ആരോപണം സഹിതം ഗുരുതരമായ വ്യാജ ആരോപണങ്ങൾ ചേർത്ത് സംസ്ഥാന പോലീസ് മേധാവിക്ക് പേരു വയ്ക്കാതെ പരാതി അയച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ സാജുവിനെ അന്വേഷണ വിധേയമായി കണ്ണൂരിലേക്ക് സ്ഥലം മാറ്റി. തൊടുപുഴ ഡിവൈഎസ്പി നടത്തിയ വിശദമായ അന്വേഷണത്തിൽ കൈക്കൂലി ആരോപണം തെറ്റാണെന്നു തെളിഞ്ഞു. കള്ളമൊഴി നൽകിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി ഉണ്ടാകുമെന്ന് ഭയന്നും സാജുവിന് നാട്ടിലേക്ക് തിരികെ സ്ഥലംമാറ്റം കിട്ടുമെന്ന് മനസിലാക്കിയും ഇവർ വീണ്ടും ഗുരുതര ആരോപണങ്ങൾ ചേർത്ത് രണ്ട് വ്യാജ പരാതികൾകൂടി അയച്ചു.
ഈ പരാതികളിൽ ഇടുക്കി ഡിവൈഎസ്പി യും ഇടുക്കി നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയും വിശദമായ അന്വേഷണങ്ങൾ നടത്തി. പരാതി സത്യമല്ലെന്നും പോലീസ് ഉദ്യോഗസ്ഥനെ ദ്രോഹിക്കുന്നതിനായി ആരോ അയച്ച വ്യാജ പരാതിയാണെന്ന് വ്യക്തമാകുകയും പരാതികൾ തള്ളിക്കളയുകയും ചെയ്തു. പരാതികൾ എല്ലാം വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും സാജു ഇപ്പോഴും കണ്ണൂരിൽതന്നെ ജോലി ചെയ്യേണ്ട അവസ്ഥയാണ്.
അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ അത് മറ്റൊരു പോലീസ് ആത്മഹത്യക്ക് കാരണമാകുമെന്ന ആശങ്കയിലാണ് ബന്ധുക്കൾ. കള്ള പരാതി അയച്ചും മനഃപൂർവം കള്ളമൊഴി പറഞ്ഞും പോലീസ് ഉദ്യോഗസ്ഥനെ ദ്രോഹിക്കാൻ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വിശദമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും വ്യാജ ആരോപണങ്ങളുടെ പേരിൽ സ്ഥലം മാറ്റിയ പോലീസ് ഉദ്യോഗസ്ഥനെ തിരികെ നാട്ടിലേക്ക് നിയമിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.