ചരിത്രം രചിച്ച് ജീവാ ജേതാവായി
1376052
Tuesday, December 5, 2023 11:23 PM IST
നെടുങ്കണ്ടം: സംസ്ഥാന ശാസ്ത്രോത്സവത്തില്‍ സാമൂഹ്യശാസ്ത്രം പ്രാദേശിക ചരിത്രരചനയില്‍ ഇടുക്കി കണ്ണമ്പടിയുടെ ചരിത്രം രചിച്ച് എഴുകുംവയല്‍ കൊങ്ങമല വീട്ടില്‍ ജീവാ ജിജോ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ചെമ്മണ്ണാര്‍ സെന്റ് സേവ്യേയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ജീവ. കണ്ണമ്പടിയുടെ രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളുടെ ചരിത്രമാണ് ചരിത്ര രചനയ്ക്കായി ജീവ തെരഞ്ഞെടുത്തത്. ഭൂതകാലത്തെ വര്‍ത്തമാനകാലവുമായി കൂട്ടിയിണക്കി അവരുടെ ഇന്നിന്റെ ചരിത്രം രചിക്കുകയാണ് ജീവ ചെയ്തത്. കണ്ണമ്പടി പ്രദേശത്ത് വസിക്കുന്ന ഊരാളി ഗോത്രവര്‍ഗക്കാരുടെ സാംസ്കാരിക വൈവിധ്യങ്ങളും വൈജ്ഞാനിക മേഖലകളില്‍ അവര്‍ കൈവരിച്ച നേട്ടങ്ങളും കാര്‍ഷിക മുന്നേറ്റങ്ങളും രാഷ്ട്രീയ-സാമ്പത്തിക മേഖലകളിലെ വികാസങ്ങളും ചരിത്രരചനയില്‍ പ്രതിപാദിച്ചു.
ഇംഗ്ലീഷ് കവിതാ സമാഹാരം പ്രസിദ്ധീകരിച്ച് സാഹിത്യലോകത്ത് ശ്രദ്ധ നേടിയ ആളാണ് ജീവാ ജിജോ. ഇംഗ്ലീഷ് കവിതാരചനയിലും ഇംഗ്ലീഷ് പദ്യത്തിലും സബ് ജില്ലാതലത്തില്‍ ഒന്നാം സമ്മാനാര്‍ഹയായിരുന്നു ഈ പതിനാറുകാരി. ചരിത്രരചനയ്ക്കു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത് സ്കൂളിലെ ചരിത്ര അധ്യാപകനായ ഷാബിന് മാത്യു ആണ്.
മുരിക്കാശേരി പാവനാത്മാ കോളജ് എല്‍ഡി ക്ലര്‍ക്ക് ജിജോയുടെയും നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂള്‍ അധ്യാപിക ജൂലിയുടെയും മകളാണ് ജീവ.