ടൂറിസം ഹബ്ബുകളായി മുന്തിരിത്തോട്ടങ്ങൾ
1376051
Tuesday, December 5, 2023 11:23 PM IST
രാജകുമാരി: അതിർത്തി ഗ്രാമമായ കന്പത്തെ മുന്തിരിപാടങ്ങൾ കണ്ടാൽ ആരുടെയും മനം നിറയും. വിളവെടുപ്പിനു പാകമായ ഇവ കാണാൻ നിരവധി സഞ്ചാരികളാണ് കന്പം, ഗൂഢല്ലൂർ ഗ്രാമങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലെ തേനി ജില്ലയിൽ സംസ്ഥാന അതിർത്തി പങ്കിടുന്ന കാർഷിക ഗ്രാമങ്ങളായ ചുരളിപെട്ടി, ഗൂഢല്ലുർ, കെ.കെ.പെട്ടി, തേവർപെട്ടി, ആനമലയൻ പെട്ടി, ഓടപെട്ടി എന്നിവിടങ്ങളിലാണ് വ്യാപകമായി മുന്തിരികൃഷിയുള്ളത്. പച്ചപ്പിന്റെ കേദാരമായ നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മുന്തിരിപാടങ്ങൾ മണ്ണിൽപൊന്നുവിളയിക്കുന്ന കർഷകരുടെ കഠിനാധ്വാനത്തിന്റെയും വിജയഗാഥയുടെയും നേർക്കാഴ്ചയാണ് നൽകുന്നത്. കേരളത്തിൽ നിന്നുള്ള സഞ്ചാരികളാണ് ഈ ദൃശ്യവിരുന്ന് കാണാൻ കൂടുതലായി ഇവിടേക്ക് എത്തുന്നത്.
അഗ്രിടൂറിസം
സാമൂഹ്യമാധ്യമങ്ങളിൽ കന്പത്തെ മുന്തിരി പാടങ്ങളുടെ മനോഹരദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇവിടേക്ക് ആളുകളുടെ ഒഴുക്ക് ആരംഭിച്ചത്. തമിഴ്നാടിന്റെ മറ്റു മേഖലകളിൽ ന്യൂനമർദത്തെ തുടർന്നു കനത്തമഴ പെയ്യുന്പോഴും ഈ മേഖലയിൽ മഴയില്ലാത്തതും തെളിഞ്ഞ കാലാവസ്ഥയുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. വർഷത്തിൽ മൂന്നു തവണയാണ് മുന്തിരിയുടെ വിളവെടുപ്പ് നടത്തുന്നത്. നവംബർ, ഡിസംബർ മാസങ്ങളാണ് പ്രധാന സീസണ്.
15 മുതൽ 20 വർഷം വരെയാണ് ഒരു ചെടിയുടെ ആയുസ്. അഗ്രിടൂറിസത്തിന്റെ അനന്തസാധ്യതയാണ് മുന്തിരിതോട്ടങ്ങൾ പ്രദാനം ചെയ്യുന്നത്. ഇവിടെ എത്തുന്നവർക്ക് തോട്ടങ്ങൾ സൗജന്യമായി സന്ദർശിക്കുന്നതിനും മുന്തിരി വാങ്ങുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തോട്ടങ്ങളിൽ പ്രധാനമായും അഞ്ചു കിലോ മുന്തിരിക്ക് 200 രൂപയാണ് വില. സഞ്ചാരികളുടെ ആവശ്യാനുസരണം ചെടിയിൽ നിന്നും ഓർഡർ അനുസരിച്ച് അപ്പോൾതന്നെ മുന്തിരിക്കുലകൾ മുറിച്ചെടുത്ത് നൽകുകയാണ് ചെയ്യുന്നത്.
വാങ്ങാം ഫ്രഷ് മുന്തിരി
ഫ്രഷ്മുന്തിരി ലഭിക്കുമെന്നതും ആളുകളെ കൂടുതലായി ഇവിടേക്ക് എത്താൻ പ്രേരിപ്പിക്കുന്നു. കോട്ടയം, ചങ്ങനാശേരി, ചെന്നൈ, കർണാടക തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും മുന്തിരി കയറ്റിവിടുന്നത്. കറുത്ത മുന്തിരിയാണ് പ്രധാനമായും ഇവിടെയുള്ളത്. സീഡ്ലെസ് മുന്തിരി കൃഷി തമിഴ്നാട്ടിൽ വിരളമാണ്. കൃഷിയെ ടൂറിസവുമായി ബന്ധപ്പെടുത്തി ഇരട്ടി നേട്ടം കൊയ്യുന്ന തമിഴ്നാട് മാതൃക കാർഷികമേഖലയ്ക്കും കർഷകർക്കും ഉണർത്തുപാട്ടാവുകയാണ്.