പത്തു മാസത്തിനിടെ 1033 അപകടം; പൊലിഞ്ഞത് 84 ജീവൻ
1375860
Tuesday, December 5, 2023 12:26 AM IST
തൊടുപുഴ: പാതയോരങ്ങളിൽ എഐ കാമറ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ നിലവിൽ വന്നിട്ടും നിരത്തിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ പത്തു മാസത്തിനിടെ ജില്ലയിലെ റോഡുകളിലുണ്ടായ അപകടങ്ങളിൽ 84 ജീവനുകളാണ് പൊലിഞ്ഞത്. ജനുവരി ഒന്നു മുതൽ ഒക്ടോബർ 30 വരെയുള്ള കണക്കാണിത്. ഈ സമയം 1033 അപകടങ്ങൾ ഉണ്ടായി. ഇതിൽ 1507 പേർക്കാണ് പരിക്കേറ്റത്. 2021-ൽ റോഡപകടങ്ങളിൽ 41 പേർ മരിക്കുകയും 967 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2022-ൽ 71 പേർക്ക് ജീവഹാനി സംഭവിക്കുകയും 797 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇടുക്കിയുടെ ഭൂപ്രകൃതിയുടെ പ്രത്യേകതയും അപകട സാധ്യത വർധിപ്പിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടും വളവുകളും നിറഞ്ഞ റോഡുകളിൽ അപകടങ്ങൾ പതിയിരിക്കുന്ന ഒട്ടേറെ മേഖലകളുണ്ട്.
റോഡുകൾക്ക് ആവശ്യമായ വീതിയോ സംരക്ഷണ ഭിത്തികളോ ഇല്ലാത്തതും അപകട സാധ്യത കൂട്ടുന്നു. ഇതിനു പുറമെ അപകടസൂചനാ ബോർഡുകൾ പോലും ഇല്ലാത്തത് സ്ഥിതി സങ്കീർണമാക്കുന്നു. തൊടുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലും അടുത്തിടെ വാഹനാപകങ്ങളുടെ എണ്ണം വർധിക്കുന്നതായാണ് മോട്ടോർ വാഹനവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗും തകർന്ന റോഡുകളും അപകടങ്ങൾക്ക് പ്രധാന കാരണമാണ്. ലഹരിമരുന്നിന്റെ ഉപയോഗവും മൽസരയോട്ടവും അപകടം വിളിച്ചു വരുത്തുന്നുണ്ട്. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ റോഡ് മാപ്പിംഗിൽ കണ്ടെത്തിയത് ജില്ലയിൽ 161 അപകട സാധ്യത മേഖലയുണ്ടെന്നാണ്.
2018 മുതൽ 2021 വരെയുള്ള അപകടങ്ങളുടെ വിവരങ്ങൾ ശേഖരിച്ചും അപകടങ്ങളുടെ എണ്ണം കണക്കാക്കിയുമാണ് മാപ്പിംഗിലൂടെ മേഖലകൾ കണ്ടെത്തി ക്ലസ്റ്ററുകളായി തിരിച്ചത്. മുൻ കാലങ്ങളിൽ കൂടുതൽ അപകടങ്ങൾ നടന്ന സ്ഥലങ്ങൾ ഉൾപ്പെടെ കണ്ടെത്തി ക്ലസ്റ്ററുകളായി തിരിക്കുകയായിരുന്നു. ശരാശരി ഒരു മാസം ചെറുതും വലുതുമായ അന്പതോളം അപകടങ്ങൾ ജില്ലയിലെ റോഡുകളിൽ ഉണ്ടാകുന്നുണ്ടെന്നാണ് റിപ്പോർട്ട് . വാഹനമോടിക്കുന്നവർ നിയമം പാലിക്കുകയും ശ്രദ്ധ പുലർത്തുകയും ചെയ്താൽ അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.