നവകേരള സദസ്: ജില്ലാ കളക്ടർ ഒരുക്കങ്ങൾ വിലയിരുത്തി
1375857
Tuesday, December 5, 2023 12:26 AM IST
തൊടുപുഴ: ജില്ലയിൽ 10 മുതൽ 12 വരെ നടക്കുന്ന നവകേരള സദസിനോട് അനുബന്ധിച്ച് തൊടുപുഴ നിയോജകമണ്ഡലത്തിലെ മുന്നൊരുക്കങ്ങൾ ജില്ലാ കളക്ടർ ഷീബാ ജോർജ് വിലയിരുത്തി. ജില്ലയിൽ നടക്കുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി കൊക്കയാർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നു മൂന്നിന് വനിതകളുടെ മെഗാതിരുവാതിര ബോയ്സ് ഗ്രൗണ്ടിൽ നടക്കും.
പത്തിനു വൈകുന്നേരം ആറിന് തൊടുപുഴ നിയോജകമണ്ഡലത്തിലെ നവകേരള സദസ് ഗാന്ധി സ്ക്വയർ മൈതാനത്ത് നടക്കും. ഇടുക്കി മണ്ഡലത്തിൽ 11നു രാവിലെ 9.30ന് ചെറുതോണി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രഭാതയോഗവും 11ന് ഐഡിഎ ഗ്രൗണ്ടിൽ നവകേരളസദസും നടക്കും. തുടർന്ന് അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിൽ ഉച്ചകഴിഞ്ഞ് മൂന്നിനും നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം ആറിനും നവ കേരള സദസ് നടക്കും.
12നു രാവിലെ തേക്കടിയിൽ മന്ത്രിസഭ യോഗം ചേരും. തുടർന്ന് 11 ന് പീരുമേട് മണ്ഡലത്തിലെ നവകേരള സദസ് വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ നടക്കും.