വികസിത് ഭാരത് സങ്കൽപ് യാത്ര ജില്ലയിൽ പര്യടനം തുടങ്ങി
1375856
Tuesday, December 5, 2023 12:26 AM IST
കോടിക്കുളം: കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്ര ജില്ലയിൽ പര്യടനം തുടങ്ങി. കോടിക്കുളം പഞ്ചായത്തിലാണ് യാത്രയ്ക്ക് തുടക്കമായത്.
ലീഡ് ബാങ്ക് മാനേജർ ജോസ് ജോർജ് വളവി ഉദ്ഘാടനം ചെയ്തു. നബാർഡ് ഡിഡിഎം അജീഷ് ബാബു, എസ്ബിഐ തൊടുപുഴ റീജണൽ ഹെഡ് എം.ആർ സാബു, മഞ്ചു ജിനു വർഗീസ്, കേരള ഗ്രാമീണ്‍ ബാങ്ക് ബ്രാഞ്ച് മാനേജർ സതീഷ് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ വകുപ്പുകളുടെ പ്രതിനിധികളും യാത്രക്കൊപ്പമുണ്ടായിരുന്നു.
കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോണ്‍ സാങ്കേതിക വിദ്യ കർഷകരെ പരിചയപ്പെടുത്തി. പ്രധാനമന്ത്രി ഉജ്വല യോജന മുഖേന അർഹരായവർക്ക് പാചക വാതക കണക്ഷൻ എടുക്കുന്നതിന് രജിസ്ട്രേഷൻ സൗകര്യവും ആധാർ സേവനങ്ങളും യാത്രയിൽ ലഭ്യമാക്കിയിരുന്നു. നെഹ്റു യുവ കേന്ദ്ര, വിഗ്യാൻ കേന്ദ്ര എന്നിവയുടെ കൗണ്ടറുകളും ഒരുക്കിയിരുന്നു. വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന യാത്ര ജില്ലയിൽ 54 സ്ഥലങ്ങളിൽ എത്തും.