കൗമാരകലയുടെ മാമാങ്കത്തിന് ഇന്നു കൊടിയേറും
1375854
Tuesday, December 5, 2023 12:26 AM IST
കട്ടപ്പന: ഇടുക്കി റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഇന്നു മുതല്‍ എട്ടുവരെ കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഓസാനം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്റ് ജോര്‍ജ് പാരീഷ് ഹാള്‍, സി എസ് ഐ ഗാർഡൻ, ദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയം തുടങ്ങി പത്തു വേദികളിലായി മത്സരങ്ങ ൾ നടക്കും.
ഏഴു സബ്ജില്ലകളില്‍ നിന്നായി നാലായിരത്തോളം കലാപ്രതിഭകള്‍ മേളയിൽ മാറ്റുരയ്ക്കും. ഇന്നു രാവിലെ പത്തിന് കട്ടപ്പന സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽനിന്നു സാംസ്കാരിക റാലി ആരംഭിക്കും.കട്ടപ്പന ഡി വൈ എസ്പി വി. എ. നിഷാദ്മോൻ റാലി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് കലാമത്സരങ്ങൾ ആരംഭിക്കും.
നാളെ രാവിലെ പത്തിന് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം എം. എം. മണി എംഎൽഎ നിർവഹിക്കും. കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ബിനു മുഖ്യപ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയ-സാമുദായിക സംഘടന നേതാക്കളും ജനപ്രതികളും യോഗത്തിൽ പങ്കെടുക്കും.
നാലു ദിവസങ്ങളിലായി പതിനായിരം പേർക്ക് കലോത്സവ നഗറിൽ ഭക്ഷണം വിളമ്പും. ആദ്യ ദിനം രാവിലത്തെ പ്രഭാത ഭക്ഷണത്തോടെ ആരംഭിച്ച് ഉച്ചയ്ക്ക് സദ്യവിളമ്പി നാലുമണിക്ക് ചായയും കടിയും നൽകി രാത്രി അത്താഴവും വിളമ്പും. ആദ്യ ദിനം 2000 പേർക്കും രണ്ട് മുന്ന് ദിനങ്ങളിൽ 3000 പേർക്കു വീതവും അവസാന ദിനം 2000 പേർക്കും ഭക്ഷണം വിളന്പും. കലോത്സത്തിനെത്തുന്ന എല്ലാ മത്സരാർഥികൾക്കും അധ്യാപർക്കും വിധികർത്തക്കൾക്കും സംഘടകർക്കും ചാനൽ- പത്ര പ്രതിനിധികൾക്കും എല്ലാദിവസവും ഭക്ഷണം നൽകാൻ ക്രമികരണം ഒരുക്കിയിട്ടുണ്ട്.
മത്സരങ്ങൾ രാത്രി എട്ടിന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കട്ടപ്പനയുടെ പരിസര പ്രദേശങ്ങളിലെ കലാപ്രേമികൾക്ക് മത്സരങ്ങൾ കാണുന്നതിനും ആസ്വദിക്കുന്നതിനും എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.