തോട്ടം മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം
1375853
Tuesday, December 5, 2023 12:26 AM IST
മൂന്നാർ: വന്യജീവി ആക്രമണത്തിൽ നിന്നും മുക്തമാകാതെ തോട്ടം മേഖല.ദേവികുളം ഒഡികെ ഡിവിഷനിൽ പുലിയുടെ ആക്രമണത്തിൽ പശു ചത്തു. ഒരു പശുവിനെ കാണാതായി.
ഒഡികെ സ്വദേശിയായ മണിയുടെ പശുവാണ് ചത്തത്. രാവിലെ മേയാൻ വിട്ട പശുവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ മാരകമായി മുറിവേറ്റ നിലയിൽ പശുവിനെ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരു പശുവിനെ പുലി ആക്രമിച്ച് കാലിനു പരിക്കേൽപ്പിച്ചു.
ഇതേ എസ്റ്റേറ്റിലെതന്നെ മറ്റൊരു പശുവിനെ കാണാതായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇതേ എസ്റ്റേറ്റിൽതന്നെ പുലിയുടെ ആക്രമണത്തിൽ പശു കൊല്ലപ്പെട്ടിരുന്നു. മൂന്നു വർഷത്തിനിടെ ഇരുന്നൂറിലധികം പശുക്കളാണ് വന്യജീവി ആക്രമണത്തിൽ ഇല്ലാതായത്.
പ്രശ്നത്തിൽ സർക്കാർ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യ പ്പെട്ടു.