സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഓട്ടം നിർത്തുന്നു
1375852
Tuesday, December 5, 2023 12:26 AM IST
നെടുങ്കണ്ടം: സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം നിര്‍ത്തലാക്കുന്നു. 2009 മുതല്‍ സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനപ്പെട്ടിരുന്ന സംവിധാനമാണ് ഇല്ലാതാകുന്നത്.
കണ്‍സ്യൂമര്‍ ഫെഡറേഷനാണ് സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചത്. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് നിശ്ചിത ദിവസങ്ങളില്‍ നിശ്ചിത സമയത്ത് അവരുടെ വീട്ടുപടിക്കല്‍ എത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഏറെ പ്രയോജനകരമായിരുന്നു. ത്രിവേണി ഷോപ്പുകളിലെ വ്യാപാരത്തേക്കാള്‍ കൂടുതൽ വ്യാപാരം നടന്നിരുന്നതും ഇത്തരം വാഹനങ്ങളിലൂടെയാണ്. രണ്ട് ജീവനക്കാരുടെ ശമ്പളവും ഡീസല്‍ ചെലവും വാഹന മെയിന്റനന്‍സും ഉള്പ്പെടെയല്ലാതെ മറ്റ് ചെലവുകളൊന്നും സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് ഇല്ലായെന്നത് കണ്‍സ്യൂമര്‍ ഫെഡറേഷന് ഏറെ ലാഭം നല്കിയ കാര്യമാണ്. കടകളുടെ വാടക, വൈദ്യുതി ബില്ല്, ജീവനക്കാരുടെ ശമ്പളം എന്നിവ സഞ്ചരിക്കുന്ന സ്ഥാപനത്തിന് ഒഴിവായിരുന്നു. എന്നാല്‍, വാഹനങ്ങള്‍ കൃത്യസമയത്ത് മെയിന്റനന്‍സ് നടത്താതെ പലയിടങ്ങളിലും സര്‍വീസ് മുടങ്ങിയപ്പോള്‍ മൂന്നു വര്‍ഷമായി മിക്ക നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.
2024ൽ ശേഷിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസും പെര്‍മിറ്റും തീരുന്നതോടെ അവയും നിന്നുപോകുന്ന സാഹചര്യമാണ് ഉള്ളത്. നിലവില്‍ വാഹനങ്ങളിലെ ജീവനക്കാരെക്കൂടി ഷോപ്പുകളിലേക്ക് മാറ്റുമ്പോള്‍ ഷോപ്പുകളിലെ ചെലവ് വര്‍ധിക്കുന്ന സാഹചര്യവും ഉണ്ട്. കണ്‍സ്യൂമര്‍ ഫെഡറേഷനെ ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിമൂലം ഇത്തരം സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഇല്ലാതാകുന്നത് സാധാരണക്കാരെ ഏറെ ബുദ്ധിമുട്ടിക്കുമെന്നതിനാല് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.