തെരഞ്ഞെടുപ്പുചൂടിൽ വണ്ടിപ്പെരിയാർ സ്കൂൾ
1375850
Tuesday, December 5, 2023 12:26 AM IST
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ പാർലമെന്റ് തെരഞ്ഞെടുപ്പു നടന്നു. നിയമസഭാ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ ആവേശത്തിലും മാതൃകയിലുമായിരുന്നു വിദ്യാർഥികൾ വോട്ടു ചെയ്തത്.
വിദ്യാർഥികളിൽ ജനാധിപത്യബോധം വളർത്തുന്നതിന്റെ ഭാഗമായാണ് പൊതുതെരഞ്ഞെടുപ്പിന്റെ മാതൃകയിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
സ്ഥാനാർഥികളുടെ പ്രചാരണം, തിരിച്ചറിയൽ കാർഡ് പരിശോധന, വോട്ടേഴ്സ് ലിസ്റ്റ്, സ്ലിപ്പ്, പോളിംഗ് ബൂത്ത്, പോളിംഗ് ഏജന്റുമാർ, പോളിംഗ് ഓഫീസർമാർ, പ്രിസൈഡിംഗ് ഓഫീസർമാർ തുടങ്ങിയവ എല്ലാം അതേപടി പകർത്തിയുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. രാവിലെ 10.15നു മോക്പോളിനു ശേഷം പോളിംഗ് ഏജന്റുമാരും ഉദ്യോഗസ്ഥരും റെഡിയായതോടെ വിദ്യാർഥികളായ വോട്ടർമാർ തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തി. വോട്ടിംഗ് മെഷീൻ എന്ന ആപ്പിലൂടെ ഇവിഎം ഉപയോഗിച്ചാണ് പോളിംഗ് രേഖപ്പെടുത്തിയത്.