കണ്ണംപടി മുല്ലയിലെ യാത്രാ ദുരിതത്തിന് അവസാനമില്ലേ?
1375848
Tuesday, December 5, 2023 12:26 AM IST
ഉപ്പുതറ: കണ്ണംപടി മുല്ല ആദിവാസി കുടിയിലേക്ക് സഞ്ചാര യോഗ്യമായ റോഡില്ലാത്തതിനാൽ നൂറോളം കുടുംബങ്ങൾ യാത്രാ ദുരിതത്തിൽ. കണ്ണംപടി വനമേഖലയിൽ ഏറ്റവും യാത്രാ ദുരിതം നേരിടുന്ന പ്രദേശമാണ് മുല്ല ആദിവാസിക്കുടി. കിഴുകാനത്തുനിന്നു മൂന്നു കിലോമീറ്റർ ദുർഘട പാതയിലൂടെ സഞ്ചരിച്ചു വേണം മുല്ലയിലെത്താൻ.
ഇടുക്കി പദ്ധതിക്കു വേണ്ടി മുത്തംപടി താഴെനിന്നു കുടിയൊഴിപ്പിച്ചവരും എരുമേലി തുമരൽപാറ, പുലിക്കുന്ന് എന്നിവിടങ്ങളിൽനിന്നു കുടിയേറിയവരുമാണ് ഇവിടത്തെ താമസക്കാർ. അൻപതു വർഷത്തിലധികമായി ഇവർ യാത്രാ ദുരിതം അനുഭവിക്കുന്നു. പാറയുടെയും വലിയ കല്ലുകൾ അടുക്കിവച്ചതിനും മുകളിലൂടെ നടന്നുവേണം ഇവർക്ക് പുറം ലോകത്തെത്താൻ. വീട്ടിലേക്കു സാധനങ്ങൾ എത്തിക്കാൻ പാടുപെടുകയാണ്. പലർക്കും ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചിട്ടുണ്ട്. എന്നാൽ കമ്പി, സിമന്റ്, മണൽ തുടങ്ങിയവ എത്തിച്ചപ്പോൾത്തന്നെ പകുതിയിലേറെ തുക ചെലവായി. ഇരട്ടിയിലധികം കൂലി നൽകിയാലേ സാധനങ്ങളുമായി പിക്ക്അപ് ജീപ്പ് ഇവിടേക്ക് വരികയുള്ളു.
പലതവണ പരാതിയും നിവേദനവും നൽകിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ വനം വകുപ്പും കണ്ടില്ലെന്നു നടിക്കുകയാണെന്ന് ഇവർ പറയുന്നു. കുടിയിലെ ആവശ്യങ്ങൾ സാധ്യമാക്കാൻ സമരം ചെയ്യേണ്ടിവരുമെന്ന് ഊരുമൂപ്പൻ കെ.കെ. ബിനോയ് പറഞ്ഞു.