ശബരിമല തീര്‍ഥാടനം: പോലീസ് ഹെൽപ്ലൈന് നമ്പര്‍ സ്റ്റിക്കര്‍ പതിച്ചുതുടങ്ങി
1375604
Monday, December 4, 2023 12:23 AM IST
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കും സംശയനിവാരണത്തിനും ഏത് ഭാഷയിലും ലഭ്യമാകുന്ന പോലീസ് ഹെൽപ്ലൈന് നമ്പറായ 14432 ആലേഖനം ചെയ്ത സ്റ്റിക്കര്‍ പതിച്ചുതുടങ്ങി.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകള്‍, റെയില്‍വേസ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ഹെൽപ്ലൈന് സംബന്ധിച്ച് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് സ്റ്റിക്കര്‍ പതിച്ചത്. ഇന്നുരാവിലെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ ബസില്‍ സ്റ്റിക്കര്‍ പതിച്ചുകൊണ്ട് ജില്ലാ പോലീസ് മേധാവി വി. അജിത് ഉദ്്്ഘാടനം ചെയ്തു.
മണ്ഡല മകരവിളക്ക് കാലത്ത് തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ക്കും മറ്റും ശബരിമലയുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങള്‍ക്കും വിവിധ ഭാഷകളില്‍ മറുപടി ലഭ്യമാക്കാനുതകും വിധം പമ്പ പോലീസ് കണ്ട്രോള് റൂമിലാണ് ഹെൽപ്ലൈന് നമ്പര്‍ സജമാക്കിയിരിക്കുന്നത്. ജില്ലയില്‍നിന്നും സമീപജില്ലകളില്‍നിന്നും ശബരിമലയ്ക്ക് എത്തുന്ന വിവിധ പാതകളില്‍ ഭക്തര്‍ക്കു കാണാവുന്ന തരത്തില്‍ നമ്പര്‍ സ്റ്റിക്കര്‍ രൂപത്തില്‍ നേരത്തെ സ്ഥാപിച്ചിരുന്നു.
മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്കും മറ്റു ഭാഷകള്‍ അറിയാത്തവര്‍ക്കും വിവിധ വിവരങ്ങള്‍ അറിയുന്നതിനും പരിഹാരങ്ങള്‍ക്കും ഏറെ പ്രയോജനകരമാണ് ഹെൽപ്ലൈന നമ്പര്‍. വെര്‍ച്വല്‍ ക്യൂ സംബന്ധിച്ച അന്വേഷണം, പാര്‍ക്കിംഗ്, ദര്‍ശനം തിരക്ക് എന്നിവ സംബന്ധിച്ച അന്വേഷണം, പൂജാ സമയങ്ങള്‍, വാഹനങ്ങളുടെ വര്‍ക്ക് ഷോപ്പുകള്‍, കൂടെ വന്നവരെ കാണാതാകുക, അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി ഈ നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പത്തനംതിട്ട സ്റ്റാന്‍ഡിനുള്ളില്‍ തീര്‍ഥാടകര്‍ കാണത്തക്കവിധം നമ്പര്‍ രേഖപ്പെടുത്തിയ വലിയ ബോര്‍ഡ് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചു. ജില്ലാ പോലീസ് സായുധ ക്യാമ്പ് അസി. കമന്ഡന്റ്് എം.സി. ചന്ദ്രശേഖരന്, കെഎസ്ആര്‍ടിസി അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.