കളറിംഗ് ദി ലൈവ്സ് ഓഫ് യൂത്ത് മയക്കുമരുന്നിനെതിരേ കാമ്പയിന് തുടക്കമായി
1375603
Monday, December 4, 2023 12:23 AM IST
കാഞ്ഞിരപ്പള്ളി:രാജ്യത്തെ മുന്നോട്ടു നയിക്കേണ്ട യുവാക്കൾ ചിന്തകളെയും തലച്ചോറിനെയും നശിപ്പിക്കുന്ന മയക്കുമരുന്നിൽനിന്നു മാറിനിൽക്കണമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.
ലയൺസ് ഡിസ്ട്രിക്ട് 318B യുടെ ഭാഗമായ പ്രവാസികളുടെ ക്ലബായ മോഡൽ ലയൺസ് ക്ലബ് ഓഫ് അടൂർ എമിരറ്റ്സ് കേരളത്തിലെ കോളജുകളിലും സ്കൂളുകളിലും കളറിംഗ് ദി ലൈവ്സ് ഓഫ് യൂത്ത് എന്ന പേരിൽ സംഘടിപ്പിക്കുന്ന നാലു മാസം നീണ്ടുനിൽക്കുന്ന മയക്കുമരുന്നിനെതിരേയുള്ള കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കാഞ്ഞിരപ്പിള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കോളജ് മാനേജർ റവ. ഡോ. മാത്യു പായിക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആന്റോ ആന്റണി എംപി, ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോ ഐ. കോശി, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.യു. മത്തായി, കോളജ് പ്രിൻസിപ്പൽ ഡോ. ലില്ലികുട്ടി ജേക്കബ്, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജയചന്ദ്രൻ, സോണൽ ചെയർമാൻ വർഗീസ് പനക്കൽ, മുൻ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കെ. എ. തോമസ്, ക്ലബ് പ്രിസിഡന്റ് വിനീഷ് മോഹൻ സെക്രട്ടറിസന്തോഷ് എന്നിവർ പ്രസംഗിച്ചു.
കാമ്പയിന്റെ ഭാഗമായി കേരളത്തിലെ കോളജ് സ്കൂൾ വിദ്യാർഥികൾക്കുമായി നോ ടു ഡ്രഗ്സ് എന്ന വിഷയം ആസ്പദമാക്കി നടത്തുന്ന ഷോർട് ഫിലിം മത്സരത്തിന്റെ ബ്രോഷർ കോളജ് ഡയറക്ടർ ഡോ. സെഡ്. വി. ലക്കപ്പറമ്പിലിന് നൽകി ജോണികുരുവിള നിർവഹിച്ചു.
കോളജ് യൂണിയൻ ചെയർമാൻ അഭിജിത്തും വൈസ് ചെയർപേഴ്സൺ അലീനയും ചേർന്ന് കോളജ് വിദ്യാർഥികൾക്ക് മയക്കുമരുന്നിനെതിരേയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നാലു മാസം നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിന്റെ ഭാഗമായി ഷോർട് ഫിലിം ഫെസ്റ്റ്, ഹാക്കത്തോൺ, വാക്കത്തോൺ, കലാമത്സരങ്ങൾ, കായികമത്സരങ്ങൾ, മയക്കുമരുന്നിനെതിരെ സെമിനാറുകൾ, ഫ്ലാഷ് മൊബ് എന്നിവ സംഘടിപ്പിക്കുന്നുണ്ട്.