ജില്ലയിൽ ലഹരി വ്യാപാരം കൂടുന്നു; പത്തു മാസത്തിനിടെ 1211 കേസ്
1375601
Monday, December 4, 2023 12:23 AM IST
തൊടുപുഴ: പരിശോധനകളും ബോധവത്കരണവും ശക്തമാകുന്പോഴും ജില്ലയിൽ ലഹരിക്കടത്ത് കേസുകൾ വർധിക്കുന്നു. ലഹരിവിൽപ്പനയും കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരുടെ എണ്ണവും കേസുകളും ദിനം പ്രതിയെന്നോണം കൂടുകയാണ്. കഴിഞ്ഞ പത്ത് മാസത്തിനിടെ ജില്ലയിൽ എക്സൈസ് രജിസ്റ്റർ ചെയ്തത് കഞ്ചാവ്, ലഹരിമരുന്നുകളുമായി ബന്ധപ്പെട്ട് 490 എൻഡിപിഎസ് കേസുകളാണ്. മാരക ലഹരിമരുന്നായ എംഡിഎംഎയും എൽഎസ്ഡിയും അടക്കം പിടികൂടിയവയിൽ ഉൾപ്പെടുന്നു. ദിനംപ്രതി ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്.
ചാരായം -297 ലിറ്റർ, വ്യാജമദ്യം-115 ലിറ്റർ, ഇന്ത്യൻ നിർമിത വിദേശമദ്യം-2237 ലിറ്റർ, കഞ്ചാവ്-32 കിലോ, കഞ്ചാവ് ചെടി-81 എണ്ണം, എംഡിഎംഎ-20 ഗ്രാം, ഹഷീഷ് ഓയിൽ- 808 ഗ്രാം എന്നിങ്ങനെയാണ് ഒക്ടോബർ വരെ എക്സൈസ് വകുപ്പ് ജില്ലയിൽ പിടികൂടിയവയുടെ കണക്ക്. ജനുവരി മുതൽ ഒക്ടോബർ വരെ 721 അബ്കാരി കേസുകളാണ് എക്സൈസ് പിടികൂടിയത്.
ലഹരി ഉപയോഗവും വിൽപ്പനയും വ്യാപകമായിട്ടും പലപ്പോഴും പിടിക്കപ്പെടുന്നവരിൽ മാത്രം അന്വേഷണം ഒതുങ്ങുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പിന്നിലുള്ള മാഫിയ സംഘങ്ങളെ കണ്ടെത്താൻ കഴിയുന്നില്ല. പൊതു ഇടങ്ങളും നഗരത്തോട് ചേർന്നുള്ള ഗ്രാമപ്രദേശങ്ങളുമെല്ലാം ലഹരി കൈമാറ്റ ഇടങ്ങളായി ഇവർ ഉപയോഗിക്കുന്നുണ്ട്.
കേസുമായി പിടിയിലാകുന്നവരെല്ലാം ഇടനിലക്കാരാണ്. പരിശോധന വ്യാപകമാക്കിയ സാഹചര്യത്തിലാണ് കേസുകളുടെ എണ്ണം വർധിക്കുന്നതെന്ന് അധികൃതർ പറയുന്പോഴും പിടികൂടുന്ന കേസുകൾ പരിശോധിച്ചാൽ ലഹരിയുടെ സ്വാധീനം ജില്ലയിൽ വർധിക്കുന്നതായാണ് സൂചനകൾ.
കഞ്ചാവും ഹഷിഷ് ഓയിലും കടന്ന് എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗവും യുവാക്കൾക്കിടയിൽ വർധിച്ചു വരുന്നതായി എക്സൈസ് പറയുന്നു. ഒരു ഗ്രാമിന് 4,000 രൂപ വരെ നൽകിയാണ് ഇവ വാങ്ങുന്നതെന്നാണ് വിവരം. 20 ഗ്രാം എംഡിഎംഎയാണ് ജില്ലയിൽനിന്ന് എക്സൈസ് പിടികൂടിയത്. എൽഎസ്ഡി സ്റ്റാന്പുകളുടെ ഉപയോഗവും വർധിക്കുന്നുണ്ട്. 0.626 മില്ലി ഗ്രാമാണ് പിടിച്ചെടുത്തത്. ബംഗളുരുവിൽനിന്നാണ് ഇത്തരം ലഹരി മരുന്നുകൾ ജില്ലയിലേക്ക് എത്തുന്നതെന്നാണ് സൂചന.
വിനോദസഞ്ചാരികളെ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ലഹരിസംഘങ്ങൾ പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ലരിമരുന്നുകളുമായി പിടിക്കപ്പെടുന്നവരിൽ കൂടുതലും യുവാക്കളാണ്. ഇത്തരം സംഘങ്ങളിൽ യുവതികളും വിദ്യാർഥികളും വരെയുണ്ട്. ലഹരിക്കൊപ്പം കൂടുതൽ പണവും ലഭിക്കുമെന്നതാണ് യുവാക്കളെ പ്രധാനമായും ഇതിലേക്ക് ആകർഷിക്കുന്നത്.