കാട്ടാനയാക്രമണം നേരിട്ട കൃഷിയിടങ്ങൾ സന്ദർശിച്ചു
1375599
Monday, December 4, 2023 12:23 AM IST
ഉടുന്പന്നൂർ: കാട്ടാനക്കൂട്ടം ഇറങ്ങി വിളകൾ നശിപ്പിച്ച ഉടുന്പന്നൂർ മേഖലയിലെ കൃഷിയിടങ്ങൾ കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചത് കർഷകരിലും സമീപവാസികളിലും ഭീതി പരത്തിയിരിക്കുകയാണെന്ന് ബിജു പറയന്നിലം പറഞ്ഞു.
മിനിറ്റുകൾ കൊണ്ട് ഉടുന്പന്നൂർ ടൗണിനു സമീപം കാട്ടാനകൾക്ക് എത്താനാവുമെന്നത് ആശങ്ക ഉയർത്തുകയാണ്. കാട്ടാനയ്ക്ക് പുറമെ കാട്ടുപന്നികളും കുരങ്ങന്മാരും കൃഷികൾ നശിപ്പിക്കുകയാണ്. വന്യമൃഗ ശല്യത്തിൽ കർഷകർ പൊറുതി മുട്ടിയിട്ടും ഇക്കാര്യത്തിൽ സർക്കാർ ഒരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് നോതാക്കൾ കുറ്റപ്പെടുത്തി.
വനാതിർത്തികളിൽ വൈദ്യുതി വേലികൾ നിർമിച്ച് വന്യമൃഗങ്ങളെ വനത്തിൽ സംരക്ഷിക്കണമെന്നും ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾക്ക് നിയമസംരക്ഷണം അനുവദിക്കരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വന്യമൃഗ ആക്രമണത്തിൽ വനംവകുപ്പ് അധികൃതർ സമചിത്തത കാണിക്കണമെന്നും കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും അവർ പറഞ്ഞു. നേതാക്കളായ കെ.എം. മത്തച്ചൻ, ജോസ് മാത്യു, ബെന്നി കുളക്കാട്ട്, നോബിൾ അഗസ്റ്റിൻ, ജോർജ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.