വാനരശല്യം രൂക്ഷമായി; വ്യാപാരികളും കർഷകരും ദുരിതത്തിൽ
1375598
Monday, December 4, 2023 12:23 AM IST
മറയൂർ: മറയൂർ, കാന്തല്ലൂർ മേഖല ഉൾപ്പെട്ട അഞ്ചുനാട്ടിൽ വാനരശല്യം രൂക്ഷമായി തുടരുന്നു. വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും ഓഫീസുകളിലും കൃഷിയിടങ്ങളിലും ഇവയുടെ കടന്നുകയറ്റം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് പ്രദേശവാസികൾ.
ആയിരക്കണക്കിന് കുരങ്ങുകളാണ് മറയൂർ ടൗണിൽ മാത്രം എത്തുന്നത്. അഞ്ചു വർഷങ്ങൾക്ക് മുൻപ് മറയൂർ ടൗണിന് സമീപമുള്ള ചന്ദനക്കാടുകളിൽനിന്നാണ് പുലർച്ചെയോടെ വാനരന്മാർ എത്തിയിരുന്നത്. എന്നാൽ, ഇന്ന് മറയൂർ ടൗണിന് സമീപമുള്ള കൃഷിയിടങ്ങളിലുള്ള മരങ്ങളിൽ രാത്രികാലങ്ങളിൽ തമ്പടിച്ചിരിക്കുന്ന വാനരന്മാർ പുലർച്ചെയോടെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും കയറി നാശം വിതയ്ക്കുകയാണ്.
കുരങ്ങിൻകൂട്ടം സംഘടിതമായിട്ടാണ് വ്യാപാര സ്ഥാപനത്തിൽ കയറുന്നത്. കടയ്ക്ക് മുൻപിൽ ഗ്രില്ലുകൾ നിർമിച്ചും പ്രത്യേകം പണിക്കാരെ നിർത്തിയും കുരങ്ങുകളെ തുരത്തുവാൻ വ്യാപാരികൾ ശ്രമിക്കുന്നുണ്ടെങ്കിലും ഒരു ഫലവുമുണ്ടാകുന്നില്ല. മുൻപ് കായ്കനികൾ ഭക്ഷിച്ചിരുന്ന ഇവകൾക്ക് ഇന്ന് ബദാമും കശുവണ്ടിപ്പരിപ്പും, മിക്സ്ചറും, ബിസ്ക്കറ്റും, ആപ്പിളും മുന്തിരിമൊക്കെയാണ് വേണ്ടത്. ഇപ്പോൾ വ്യാപാര സ്ഥാപനങ്ങളിൽ കയറുന്ന പല കുരങ്ങുകളും അക്രമസ്വഭാവം കാണിക്കുന്നതിനാൽ വ്യാപാരികൾ ഭയത്തിലുമാണ്.
കരിമ്പ് ഒടിച്ചും മറ്റു വിളകൾ നശിപ്പിച്ചും ഇവയുടെ വിളയാട്ടം രൂക്ഷമാണ്. തുറന്നിട്ട വീടുകളിൽ കയറി കാണുന്നതെല്ലാം വലിച്ചു വാരിയിട്ട് ആവശ്യമുള്ളത് എടുത്തുകൊണ്ടുപോകും. കുട്ടികളുടെയും സ്ത്രീകളുടെയും കൈവശം ഭക്ഷണപ്പൊതികളുണ്ടെങ്കിൽ അത് തട്ടിയെടുക്കുവാൻ കുരങ്ങന്മാർ ശ്രമിക്കുന്നു. വാഹനങ്ങളുടെ ഗ്ലാസ് തുറന്നിട്ടാൽ അകത്തുകയറി സീറ്റടക്കം കീറി നശിപ്പിക്കുന്നതും പതിവാണ്.