വാട്ടർ അഥോറിറ്റി പൈപ്പ് പൊട്ടി മലയോര ഹൈവേ തകരുന്നു
1375597
Monday, December 4, 2023 12:23 AM IST
ഉപ്പുതറ: മലയോര ഹൈവേയിൽ ഏലപ്പാറ മൂന്നാം മൈൽ എസ്എൻ ജംഗ്ഷനിൽ ടാറിംഗ് തകർന്നു . 50 മീറ്ററിനുള്ളിലായി മൂന്നിടത്താണ് റോഡിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്.
റോഡിനടിയിലൂടെ കടന്നു പോകുന്ന ശുദ്ധജല വിതരണ പൈപ്പുകൾ പൊട്ടിയതാണ് റോഡ് തകരാൻ കാരണം.
ടാറിംഗ് തകർത്ത് വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. റോഡിന് നടുവിലൂടെ കടന്നുപോകുന്ന പൈപ്പ് മാറ്റണം എന്നാവശ്യപ്പെട്ട് റോഡു പണി തുടങ്ങുന്നതിന് മുൻപ് ജലവിഭവ വകുപ്പിന് നോട്ടീസ് നൽകിയിരുന്നെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ, നോട്ടീസ് കിട്ടിയിട്ടില്ലെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
റോഡു പണി തുടങ്ങും മുൻപ് കാലപ്പഴക്കം ചെന്ന കുറേ പൈപ്പുകൾ മലയോര ഹൈവേ വിഭാഗം മാറ്റി. എന്നാൽ, നിർമാണം കഴിഞ്ഞ് ആറു മാസം തികയും മുൻപ് മറ്റിടങ്ങളിലെ പൈപ്പുകൾ പൊട്ടി. ജല സമ്മർദം മൂലം റോഡും തകർന്നു .
റോഡ് തകർന്നതോടെ രണ്ടു വകുപ്പുകളും ചേർന്ന് സംയുക്ത പരിശോധന നടത്തി എസ്റ്റിമേറ്റ് തയാറാക്കി കിഫ്ബിക്കു നൽകിയെങ്കിലും ഇതുവരെ അംഗീകാരമായില്ല.
ഓരോ ദിവസം കഴിയുംതോറും റോഡ് കൂടുതൽ തകർന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള കുഴികൾ ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണിയാണ്.