വികസിത് ഭാരത് സങ്കൽപ്പ് യാത്ര: ജില്ലയിൽ പര്യടനം ഇന്നുമുതൽ
1375596
Monday, December 4, 2023 12:23 AM IST
തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ വികസന, ജനക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇന്നു മുതൽ ജില്ലയിൽ പര്യടനം നടത്തും. ആദ്യ ദിവസം കോടിക്കുളം പഞ്ചായത്തിലാണ് യാത്ര എത്തിച്ചേരുക.
കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലെത്തിക്കുന്നതോടൊപ്പം അർഹരായ ഗുണഭോക്താക്കൾക്ക് പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടാനുള്ള സൗകര്യവും യാത്രയിൽ ലഭ്യമാകും. വിവിധ കേന്ദ്ര പദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കുന്നതിനു യാത്ര എത്തിച്ചേരുന്ന കേന്ദ്രങ്ങളിൽ ക്യാന്പുകൾ സംഘടിപ്പിക്കും.
ഇതിനായി ബാങ്ക്, നബാർഡ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ, കൃഷി വിഗ്യാൻ കേന്ദ്ര, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ എല്ലാ പഞ്ചായത്തുകളിലും എത്തും. കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര, സ്റ്റാൻഡ് അപ് ഇന്ത്യ മുതലായ സ്കീമുകളിൽ അർഹതയുള്ളവർക്ക് ക്യാന്പിൽ തന്നെ തത്വത്തിൽ അംഗീകാരം നൽകും. പ്രധാനമന്ത്രി ഉജ്വല യോജന മുഖേന അർഹരായവർക്ക് പാചകവാതക കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ആധാർ സേവനങ്ങളും യാത്രയിൽ ലഭ്യമാക്കും.
ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് എല്ലാ പഞ്ചായത്തുകളിലും വികസിത് ഭാരത് സങ്കൽപ്പ് യാത്ര പര്യടനം നടത്തുന്നത്. യാത്രയുടെ ഭാഗമായി ഒരുക്കിയ പ്രത്യേക വാഹനത്തിൽ പദ്ധതികളെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും ഉണ്ടാകും. പദ്ധതികളെക്കുറിച്ചുള്ള പരാതികളും സംശയങ്ങളും പരിഹരിക്കാൻ യാത്രയ്ക്കൊപ്പം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമുണ്ട്. കാർഷിക മേഖലയിൽ സാങ്കേതികവിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോണ്‍ സാങ്കേതികവിദ്യ പരിചയപ്പെടുത്തും.
ഇന്നു രാവിലെ 10.30ന് കോടിക്കുളത്ത് യാത്ര എത്തും. ഇതോടനുബന്ധിച്ച് നടക്കുന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. ലീഡ് ബാങ്ക് മാനേജർ ജോസ് ജോർജ് വളവി, നബാർഡ് ഡിഡിഎം അജീഷ് ബാബു, എസ്ബിഐ തൊടുപുഴ റീജണൽ ഹെഡ് എം.ആർ. സാബു, കേരളാ ഗ്രാമീണ്‍ ബാങ്ക് കോട്ടയം റീജണൽ ഹെഡ് സുരേഷ് കുമാർ, പഞ്ചായത്തംഗം ജേർളി റോബി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് മാനേജർ വി. ബിസ്മി എന്നിവർ പ്രസംഗിക്കും. നാളെ രാവിലെ 10.30ന് കുടയത്തൂരും ഉച്ചയ്ക്ക് 2.30ന് ഉടുന്പന്നൂരും യാത്ര എത്തും.