ഇതു ചന്ദനക്കാടല്ല; സുഗന്ധം വിളയും ഭൂമി
1375594
Monday, December 4, 2023 12:23 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: സുഗന്ധറാണിയെന്നാണ് ഇടുക്കി അറിയപ്പെടുന്നത്. വിദേശികളെ കേരളത്തിലേക്ക് മാടിവിളിച്ച ഏലം, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, കറുവപ്പട്ട എന്നീ സുഗന്ധവ്യഞ്ജനങ്ങളാണ് മലയോര ജില്ലയെ സുഗന്ധഭൂമിയാക്കി മാറ്റുന്നത്.
എന്നാൽ, ഇടുക്കിക്ക് സുഗന്ധപരിവേഷം നൽകുന്ന മറ്റൊരു മരം കൂടി ഇവിടെ തഴച്ചുവളരുന്നുണ്ട്. നൂറ്റാണ്ടുകളായി മറയൂരിന് പച്ചപ്പ് നൽകുന്ന ചന്ദനക്കാടുകളാണ് ഈ നാടിനെ പ്രശസ്തിയിലേക്ക് ഉയർത്തുന്നത്. ചന്ദനത്തിൽനിന്നും ഉത്പാദിപ്പിക്കുന്ന തൈലം കരയും കടലും കടന്ന് വിദേശത്തുവരെ എത്തുന്പോൾ ഉയരുന്നത് ജില്ലയുടെ പേരും പെരുമയും തന്നെ.
ജില്ലയിൽ മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലുമായി 1,500 ഹെക്ടർ പ്രദേശത്തായി 51,000 ചന്ദനമരങ്ങളാണ് ഇടതൂർന്നു വളരുന്നത്. 300 വർഷത്തിലേറെ പഴക്കമുണ്ട് ഈ മരങ്ങൾക്ക്. മറയൂർ, ചിന്നാർ മേഖലയിലെ വനഭൂമിയിൽ മാത്രം 30 സെന്റീ മീറ്ററിൽ കൂടുതൽ വലുപ്പമുള്ള 65,000 ചന്ദനമരങ്ങൾ ഉണ്ടെന്നാണ് കണക്ക്. സ്വാഭാവിക ചന്ദനക്കാടുകൾക്കു പുറമെ സമീപനാളിൽ ചന്ദനത്തൈകൾ നട്ടുപരിപാലിക്കുന്ന പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്.
പ്രതിവർഷം നടുന്നത്
5,000 ചന്ദനത്തൈകൾ
സ്വാഭാവിക ചന്ദനക്കാടുകൾക്കു പുറമെ 2020 മുതൽ പ്രതിവർഷം 5,000 തൈകൾ വീതം നട്ടുപിടിപ്പിക്കുന്ന പദ്ധതിയും നടപ്പാക്കി വരുന്നു. മറയൂർ ചന്ദന ഡിവിഷന്റെ നേതൃത്വത്തിലാണ് തൈകൾ നട്ടുപിടിപ്പിക്കുന്നത്. മറയൂർ, ചിന്നാർ മേഖലയിലെ വനഭൂമിയിൽ മാത്രം 30 സെന്റീമീറ്ററിൽ കൂടുതൽ വലുപ്പമുള്ള 65,000 ചന്ദനമരങ്ങളുണ്ട്.
1910-1920 കാലയളവിൽ ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ മറയൂരിലെ കിളി കൂട്ടുമല, നാച്ചിവയൽ, പാളപ്പെട്ടി, വണ്ണാന്തു വനമേഖലകളിൽ ചന്ദനത്തൈകൾ വ്യാപകമായി നട്ടുവളർത്തിയിരുന്നു. നൂറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ നാലുവർഷം മുന്പ് മറയൂർ ചന്ദനക്കാട്ടിൽ മഞ്ഞപ്പെട്ടി മേഖലയിൽ രണ്ടു ഹെക്ടർ സ്ഥലത്ത് ചന്ദന പ്ലാന്റേഷൻ (സാൻഡൽ ഓഗുമെന്റേഷൻ പ്ലോട്ട്) പരീക്ഷണാർഥം സ്ഥാപിച്ചു. രണ്ടു ഹെക്ടറിലായി 4,600 തൈകളാണ് വളർന്നുവരുന്നത്.
പരീക്ഷണം വിജയിച്ചതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു. കപ്പനോട് മേഖലയിൽ രണ്ടിടത്തും അക്കരശീമ ഭാഗത്തുമാണ് പുതുതായി ചന്ദനത്തൈകൾ നട്ടുവളർത്തുന്നത്. കപ്പനോട ഒന്നാം പ്ലോട്ടിൽ 2.7 ഹെക്ടറിൽ 3,100 തൈകളും രണ്ടാം പ്ലോട്ടിൽ 5,100 തൈകളും അക്കരശീമ പ്ലോട്ടിൽ 3.8 ഹെക്ടറിൽ 6,000 തൈകളുമാണുള്ളത്. നാച്ചിവയൽ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ചന്ദനക്കാട് ഒരുങ്ങുന്നത്.
സംരക്ഷണത്തിന്
ചന്ദനസേനയും
മറയൂരിലെ ചന്ദനക്കാടുകളുടെ സംരക്ഷണത്തിന് 350-ാളം പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിൽ 150 വനംവകുപ്പ് ജീവനക്കാരും 200 താത്കാലിക ജീവനക്കാരുമാണുള്ളത്. 24 മണിക്കൂറും കനത്ത കാവലിലാണ് ചന്ദനക്കാടുകൾ.
2004-2005 കാലയളവിൽ 2,500 ചന്ദനമരങ്ങൾവരെ മോഷണം പോയെങ്കിൽ 2023-ൽ നഷ്ടമായത് രണ്ടു മരങ്ങൾ മാത്രം. ഈ കേസിൽ തൊണ്ടിമുതൽ കണ്ടെടുക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. തമിഴ്നാട് അതിർത്തി പ്രദേശമായതിനാൽ അവിടെനിന്നുള്ള കൊള്ളസംഘവും ചന്ദനമരങ്ങളുടെ മോഷണത്തിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.
ചന്ദനമരങ്ങളെ ബാധിക്കുന്ന സ്പൈക്ക് ഡിസീസ് എന്ന ഫംഗസ് ബാധയെത്തുടർന്നു നിരവധി മരങ്ങൾ ഉണങ്ങിപ്പോകും. എന്നാൽ, ഇവയുടെ തടിയും വേരും ഉൾപ്പെടെയുള്ളവ ഓരോ വർഷവും നടക്കുന്ന ലേലത്തിലൂടെ വിറ്റഴിച്ചുവരികയാണ്. ഇതിലൂടെ പ്രതിവർഷം 60 മുതൽ 70 കോടിയുടെ വരുമാനം സർക്കാരിന് ലഭിക്കുന്നുണ്ട്.
മറയൂരിൽ സർക്കാരിനു കീഴിൽ ചന്ദനത്തൈലം വാറ്റുന്ന ഫാക്ടറി പ്രവർത്തിക്കുന്നുണ്ട്. സൗന്ദര്യവർധക വസ്തുക്കൾ, തൈലം, തിരി, ഉൾപ്പെടെയുള്ളവ ഇതിൽനിന്നു ഉത്പാദിപ്പിക്കുന്പോൾ കോടികളുടെ വരുമാനമാണ് ലഭിക്കുന്നത്. അതിനാൽ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരും ചന്ദനലേലത്തിൽ പങ്കെടുക്കാൻ എത്താറുണ്ട്.
പ്രകൃതിക്ക് തണലൊരുക്കി പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും സംരക്ഷിച്ചും നിരവധിപ്പേർക്ക് തൊഴിലും വരുമാനവും ഇതിലൂടെ ലഭ്യമാകുന്നു. ഇതിനു പുറമെ ആയിരക്കണക്കിനു സഞ്ചാരികളെയാണ് മറയൂർ ചന്ദനക്കാടുകൾ ആകർഷിക്കുന്നത്. ആഭ്യന്തര, വിദേശ സഞ്ചാരികൾക്ക് കൗതുകം പകരുന്ന ചന്ദനക്കാടുകൾ വിസ്മയക്കാഴ്ചയാണ് ഒരുക്കുന്നത്.