സർക്കാർ ഇടുക്കിയെ ഒറ്റുകൊടുത്തു: ഡീൻ കുര്യാക്കോസ് എംപി
1375316
Saturday, December 2, 2023 11:57 PM IST
തൊടുപുഴ: ചിന്നക്കനാൽ പഞ്ചായത്തിൽ പട്ടയഭൂമി ഉൾപ്പെടെയുള്ള പ്രദേശം വനഭൂമിയാക്കാനുള്ള നടപടിക്കു പിന്നിൽ ജില്ലയിലെ ഇടതുപക്ഷ നേതാക്കൾക്ക് നേരിട്ടു പങ്കുണ്ടെന്ന് ഡീൻ കുര്യാക്കോസ് എംപി ആരോപിച്ചു. സാധാരണക്കാർ അധിവസിക്കുന്ന പ്രദേശങ്ങൾ ഒന്നൊന്നായി വനമായി പ്രഖ്യാപിക്കുന്പോൾ സർക്കാർ നോക്കുകുത്തിയായി മാറുകയാണ്.
2020-ൽ പാട്ടക്കാലാവധി കഴിഞ്ഞ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റുമായുള്ള കരാർ അവസാനിപ്പിച്ചപ്പോൾ ഭൂമി വനഭൂമിയാക്കി കരടു വിജ്ഞാപനമിറക്കിയത് ജില്ലയിലെ ഇടതു നേതാക്കൾ അറിഞ്ഞില്ലെന്നു ധരിക്കാനാവില്ല.
തുടർന്ന് സെറ്റിൽമെന്റ് ഓഫീസറെ നിയമിച്ച് നടപടികൾ പുരോഗമിച്ചപ്പോഴും ഉദ്യോഗസ്ഥർക്ക് മംഗളപത്രം കൽപ്പിക്കുന്നതിനുള്ള തിരക്കിലായിരുന്നു ജില്ലയിലെ സിപിഎം നേതൃത്വം. ഇപ്പോൾ കുടിയേറ്റ കർഷകരെ കൈയേറ്റക്കാരാക്കി ചിത്രീകരിച്ച് ജനിച്ച മണ്ണിൽനിന്നും നൂറുകണക്കിന് ആളുകളെ കുടിയിറക്കുകയാണ്.
നേരത്തേ ചെങ്കുളത്തും കുടയത്തൂരിലും സമാനമായ രീതിയിൽ റവന്യുഭൂമി റിസർവ് വനമായി വിജ്ഞാപനമിറക്കിയിരുന്നു. ജനവിരുദ്ധ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധത്തിനു നേതൃത്വം നൽകുമെന്നും ഒരാളെപ്പോലും അന്യായമായി കുടിയിറക്കാൻ അനുവദിക്കില്ലെന്നും എംപി പറഞ്ഞു.