നവകേരള സദസ്: ജീവനക്കാർക്ക് പരിശീലനം നൽകി
1375315
Saturday, December 2, 2023 11:57 PM IST
തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള സദസിനെ വരവേൽക്കാൻ ജില്ല ഒരുങ്ങിയെന്ന് കളക്ടർ ഷീബ ജോർജ്. നവകേരള സദസുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാർക്കായി കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
അഞ്ചു മണ്ഡലങ്ങളിലും സംഘാടക സമിതികളുടെ പ്രവർത്തനം പുരോഗമിക്കുകയാണ്. തൊടുപുഴ, ദേവികുളം, പീരുമേട് മണ്ഡലങ്ങളിൽനിന്നുള്ള ജീവനക്കാർക്കുള്ള പരിശീലനം ആദ്യഘട്ടമായും, ഇടുക്കി, ഉടുന്പൻചോല മണ്ഡലങ്ങളിലെ പരിശീലനം രണ്ടാംഘട്ടമായും നടന്നു.
പരാതികൾ സ്വീകരിക്കാൻ ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകൾ വീതം ഒരുക്കും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാകും സജ്ജീകരണം. 10, 11, 12 തിയതികളിലാണ് ജില്ലയിൽ നവകേരള സദസ് സംഘടിപ്പിക്കുന്നത്.