പുതിയ വനമേഖല ചെറുക്കും: കേരള കോണ്ഗ്രസ് -എം
1375307
Saturday, December 2, 2023 11:47 PM IST
തൊടുപുഴ: ജില്ലയിൽ ഇനിയൊരു വനമേഖലകൂടി പ്രഖ്യാപിക്കാനുള്ള നീക്കത്തെ ജനങ്ങളെ അണിനിരത്തി ശക്തമായി എതിർക്കുമെന്ന് കേരള കോണ്ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ. ചിന്നക്കനാലിനെ വനമേഖലയാക്കി മാറ്റാനുള്ള നിർദേശം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനുപിന്നിൽ വലിയ ഗൂഢാലോചനയുണ്ട്.
പതിറ്റാണ്ടുകൾക്കു മുന്പ് മേഖലയിൽ കുടിയേറിയ നിരവധി കർഷക കുടുംബങ്ങൾ പട്ടയം പ്രതീക്ഷിച്ചു കഴിയുകയാണ്. ജില്ലയിൽ മാത്രമല്ല സംസ്ഥാനത്ത് വനവിസ്തൃതി വർധിപ്പിക്കേണ്ടതിന്റെ യാതൊരു ആവശ്യകതയും നിലവിലില്ല.
കേരളത്തിൽ ഭൂവിസ്തൃതി വളരെക്കുറവും ജനസാന്ദ്രത കൂടുതലുമാണ് . ഈ സാഹചര്യത്തിൽ കൂടുതൽ റവന്യു, കാർഷിക ഭൂമി വനമാക്കാനുള്ള നിർദേശം അശാസ്ത്രീയവും അപ്രായോഗികവുമാണെന്നും ഇതിനെതിരേ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.