ചിന്നക്കനാൽ ജനവാസ മേഖല റിസർവാക്കാൻ അനുവദിക്കില്ല: സിപിഎം
1375306
Saturday, December 2, 2023 11:47 PM IST
ചെറുതോണി: ചിന്നക്കനാൽ ജനവാസ മേഖല റിസർവ് വനമാക്കാൻ അനുവദിക്കില്ലെന്നും ജനവാസ, കാർഷിക, തോട്ടം മേഖല സംരക്ഷിക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ചിന്നക്കനാൽ വനഭൂമിയാക്കാനുള്ള ഉദ്യോഗസ്ഥ ഗൂഢാലോചനയ്ക്കെതിരേ നാളെ ചിന്നക്കനാൽ വനം ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും.
ജില്ലയിൽ പുതുതായൊരു സംരക്ഷിത മേഖലയുടെ ആവശ്യമില്ല. നിലവിൽ ഏഴോളം സംരക്ഷിത വനം-വന്യജീവി സങ്കേതങ്ങളുണ്ട്. ചിന്നക്കനാൽ മേഖല ഏറ്റെടുക്കണമെന്ന് 2019ൽ ഉയർന്ന ആവശ്യം സർക്കാർ തള്ളിയതാണ്. വന്യജീവി സംരക്ഷണനിയമം കടുപ്പിക്കുന്നതിന് മുന്നോടിയായുള്ള ചിലരുടെ നീക്കവും ഗൂഢാലോചനയും അംഗീകരിക്കില്ല.
പുനരധിവസിപ്പിക്കപ്പെട്ട ആദിവാസി വിഭാഗങ്ങളും പതിറ്റാണ്ടുകൾക്ക് മുന്പ് മേഖലയിൽ കുടിയേറിയ കർഷക കുടുംബങ്ങളും ഇവിടെ കഴിയുന്നുണ്ട്. നാളെ രാവിലെ പത്തിനു നടക്കുന്ന വനം ഓഫീസ് മാർച്ച് എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.