അയ്യപ്പഭക്തരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
1375304
Saturday, December 2, 2023 11:47 PM IST
വണ്ടിപ്പെരിയാർ: വാളാർഡി പ്ലാക്കാട് ഗേറ്റിന് സമീപം അയ്യപ്പഭക്തരുടെ വാഹനം കൂട്ടിയിടിച്ച് അപകടം. ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തരുടെയും ദർശനത്തിനായി പോകുന്ന അയ്യപ്പഭക്തരുടെയും വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. തെലുങ്കാനയിൽനിന്ന് ശബരിമല ദർശനത്തിനായി പോകുകയായിരുന്ന ഏഴുപേർ സഞ്ചരിച്ചിരുന്ന വാഹനവും ദർശനം കഴിഞ്ഞ് കർണാടകയിലേക്ക് പോവുകയായിരുന്ന നാലുപേർ സഞ്ചരിച്ചിരുന്ന വാഹനവുമാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിയുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ വാഹനങ്ങൾ റോഡിൽനിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.