കെസിഎസ്എൽ വിദ്യാർഥികൾക്ക് ദിശാബോധം നൽകുന്ന സംഘടന: ജോഷ്വാ മാർ ഇഗ്നാത്തിയോസ്
1375299
Saturday, December 2, 2023 11:36 PM IST
കരിമ്പൻ: കെസിഎസ്എൽ വിദ്യാർഥികൾക്ക് ദിശാബോധം നൽകുന്ന സംഘടനയെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനും കെസിഎസ്എൽ രക്ഷാധികാരിയുമായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്.
ഇടുക്കി രൂപതയുടെ ആതിഥേയത്വത്തിൽ ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കെസിഎസ്എൽ സംസ്ഥാന ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥികളിൽ നേതൃപാടവവും മൂല്യാധിഷ്ഠിത സ്വഭാവരൂപീകരണവും നടത്തുന്നതിൽ കഴിഞ്ഞ നാളുകളിൽ കെസിഎസ്എൽ വഹിച്ച പങ്ക് വലുതാണ്.
വിശ്വാസ രൂപീകരണത്തിലും ധാർമിക പരിശീലനത്തിലും ഈ കാലഘട്ടത്തിലെ കുട്ടികളെ നയിക്കേണ്ട ശ്രമകരമായ ഉത്തരവാദിത്വം കെസിഎസ്എൽ പോലുള്ള സംഘടനകൾക്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. സംസ്ഥാന ചെയർപേഴ്സൺ റോസ് ഷിബു അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി രൂപത വികാരി ജനറാളും ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജരുമായ മോൺ. ജോസ് കരിവേലിക്കൽ വിശ്വാസ പ്രഘോഷണ റാലിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
കെസിഎസ്എൽ ഇടുക്കി രൂപത ഡയറക്ടർ ഫാ. അമൽ മണിമലക്കുന്നേൽ, കെസിഎസ്എൽ സംസ്ഥാന പ്രസിഡന്റ് ബേബി തദേവൂസ് ക്രൂസ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. സെബാസ്റ്റ്യൻ, സംസ്ഥാന ഓർഗനൈസർ മനോജ് ചാക്കോ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷാർജറ്റ് ജോസ്, ഇടുക്കി രൂപത പ്രസിഡന്റ് മനോജ് ചാക്കോ, ജോയിന്റ് ഡയറക്ടർ സിസ്റ്റർ സ്റ്റെല്ല എസ്എച്ച്, ഓർഗനൈസർ അരുൺ ആന്റണി, രൂപത ചെയർമാൻ ചാർളി പയസ്, സ്കൂൾ പ്രിൻസിപ്പൽ ഡോ. റെജി ജോസഫ്, ഹെഡ്മാസ്റ്റർ എം.വി. ജോർജുകുട്ടി, ജനറൽ കൺവീനവർ കൊച്ചുറാണി ജോസഫ് എന്നിവർ പ്രസംഗിച്ചു.
രൂപത ഡയറക്ടർ ഫാ. അമൽ മണിമലക്കുന്നേൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. പ്രതിഷ്ഠാ ജപം, വർണശബളമായ റാലി,വിവിധ കലാപരിപാടികൾ തുടങ്ങിയവയും നടന്നു.