പിണറായി സർക്കാർ അഴിമതി ബ്രാഞ്ച് തലത്തിൽ വരെ എത്തിച്ചു: അനൂപ് ജേക്കബ്
1375298
Saturday, December 2, 2023 11:36 PM IST
ചെറുതോണി: ഏഴര വർഷത്തെ ഭരണത്തിലൂടെ സാർവത്രിക അഴിമതി ബ്രാഞ്ച് തലത്തിൽ വരെ നടപ്പാക്കിയ സർക്കാരായി പിണറായി സർക്കാർ മാറിയിരിക്കുകയാണെന്ന് മുൻമന്ത്രി അനൂപ് ജേക്കബ് എംഎൽഎ.
പിണറായി സർക്കാരിനെതിരേ കുറ്റപത്രം സമർപ്പിച്ചു യുഡിഎഫ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ വിചാരണ സദസ് ചെറുതോണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അനൂപ് ജേക്കബ്. റബർ, നാളികേരം, നെല്ല്, നാണ്യവിള കർഷകരുടെ ജീവിതം ദുരിതപൂർണമാക്കിയ പിണറായി സർക്കാരിനെതിരേയുള്ള ജനരോഷം ആളിക്കത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തിൽ കൈകടത്തിയും സർക്കാർ ഉദ്യോഗസ്ഥരെ വച്ച് പണപ്പിരിവ് നടത്തിയും സംഘടിപ്പിക്കുന്ന ജനസദസുകൾ ജനങ്ങൾ പുച്ഛിച്ച് തള്ളിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട് കർഷകജനതയുടെമേൽ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്ന ഇടതുസർക്കാരും സിപിഎമ്മും മലയോര ജനതയെ കബളിപ്പിക്കുകയാണെന്നും കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് കേരള ജനത അഴിമതി സർക്കാരിനെ താഴെയിറക്കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.
യുഡിഎഫ് തയാറാക്കിയ കുറ്റപത്രം ഡീൻ കുര്യാക്കോസ് എംപി അവതരിപ്പിച്ചു. ജില്ലയിലെ വിചാരണ സദസുകളുടെ കോ-ഓർഡിനേറ്റർ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് ആമുഖപ്രഭാഷണം നടത്തി.
നിയോജകമണ്ഡലം ചെയർമാൻ എം.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ഡിഡിസി പ്രസിഡന്റ് സി.പി. മാത്യു, അഡ്വ. എസ്. അശോകൻ, ടി.എം. സലീം, ഇ.എം. ആഗസ്തി, ജോയി വെട്ടിക്കുഴി, എം.ജെ. ജേക്കബ്, റോയി കെ. പൗലോസ്, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, കെ.എം.എ. ഷുക്കൂർ,അഡ്വ. കെ.എസ്. സിറിയക് ,തോമസ് രാജൻ, കെ.എം. കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രഫ. ജോസുകുട്ടി ജെ. ഒഴുകയിൽ, സിബി ആന്താനം, കെ.ജെ. മാത്യു എന്നിവർ വിവിധ മേഖലയിലെ വിഷയങ്ങൾ അവതരിപ്പിച്ചു.