നിര്‍മാണത്തിലെ അശാസ്ത്രീയത അപകടക്കെണിയായി കരുണ ആശുപത്രി റോഡ്
1375297
Saturday, December 2, 2023 11:36 PM IST
നെടുങ്കണ്ടം: നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം അപകടക്കെണിയാകുകയാണ് നെടുങ്കണ്ടം കിഴക്കേക്കവല - കരുണ ആശുപത്രി റോഡ്. തകര്‍ന്നുകിടന്ന റോഡ് നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഏതാനും ഭാഗം കോണ്‍ക്രീറ്റ് ചെയ്യുകയും ടൈലിടുകയും ചെയ്തത്. ഇതാണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് വിനയായി തീര്‍ന്നിരിക്കുന്നത്.
നിരവധി അപകടങ്ങളാണ് ഓരോ ദിവസവും ഇവിടെ ഉണ്ടാകുന്നത്. പ്രത്യേകിച്ച് ഫയര്‍ ഫോഴ്സ് ഓഫീസിനു മുമ്പില്‍. ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഇവിടെ, ഈ റോഡിനെക്കുറിച്ച് ധാരണ ഇല്ലാത്തവര്‍ അപകടത്തില്പ്പെ ടും എന്നതാണ് സ്ഥിതി.
റോഡ് ഉയര്‍ത്തിയുള്ള നിര്‍മാണം മൂലം ടൈലിട്ട ഭാഗത്തേക്കു കയറുന്ന രണ്ടു വശവും കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. ഇതോടെ ഇരുചക്രവാഹനങ്ങള്‍ ഇവിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയും. റോഡിന്റെ വശങ്ങളും ഉയര്‍ന്നുനില്‍ക്കുകയാണ്. ഇതിനാല്‍ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്ക് ഇറങ്ങുന്ന വാഹനങ്ങളുടെ അടിഭാഗം റോഡില്‍ ഇടിച്ച് കേടുപാടുകള്‍ സംഭവിക്കുന്നു.
കൂടാതെ ഗുണമേന്മയില്ലാതെയാണ് കോണ്‍ക്രീറ്റിംഗ് നടത്തിയിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. പലസ്ഥലങ്ങളും ഇതിനോടകം പൊളിഞ്ഞിട്ടുണ്ട്. ഒരു മാസത്തിനിടെ പന്ത്രണ്ടിലേറെ ബൈക്കുകളാണ് ഇവിടെ അപകടത്തില്‍ പെട്ടത്.
കഴിഞ്ഞദിവസം പാറത്തോട് സ്വദേശിയായ യുവാവ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കട്ടിംഗില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് ഇയാളുടെ ഇരുകാലുകളും ഒടിഞ്ഞിരുന്നു. ഇയാള്‍ ഇപ്പോഴും ചികിത്സയിലാണ്. റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.