പഞ്ചായത്ത് അംഗത്തിന്റെ ഒറ്റയാൾ സമരം
1375296
Saturday, December 2, 2023 11:36 PM IST
കട്ടപ്പന: ഇരട്ടയാർ പഞ്ചായത്തിൽ പഞ്ചായത്തംഗത്തിന്റെ ഒറ്റയാൾ സമരം. പ്രതിപക്ഷ അംഗം റെജി ഇലിപ്പുലിക്കാട്ടാണ് ഒറ്റയാൾ സമരം നടത്തിയത്. പഞ്ചായത്തിലെ സോഷ്യൽ ഓഡിറ്റ് അംഗങ്ങൾ ഗ്രാമസഭയിൽ അനാവശ്യ ക്രമക്കേട് ഉയർത്തിയത് ചോദ്യം ചെയ്ത റെജിയെ അപമാനിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിലാണ് അപമാനിച്ചത്.
ഇതേത്തുടർന്ന് പഞ്ചായത്ത് കമ്മിറ്റി ഇവരെ ഇരട്ടയാർ പഞ്ചായത്തിലെ ഓഡിറ്റിൽനിന്ന് ഒഴിവാക്കണമെന്ന് തീരുമാനിച്ചു. എന്നാൽ, ഇതിൽ ഒരാളെ മാത്രം ഒഴിവാക്കിയാണ് ഓഡിറ്റ് ആരംഭിച്ചത്. രണ്ടാമത്തെ ആളെയും ഒഴിവാക്കണമെന്ന് റെജി ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഇതാണ് റെജിയെ ഒറ്റയാൾ സമരത്തിലേക്ക് നയിച്ചത്.
ഉച്ചയ്ക്ക് 12 നാണ് റെജി പഞ്ചായത്തംഗങ്ങളുടെ വിശ്രമമുറിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. ജില്ലാ റിസോഴ്സ് പേഴ്സൺ എത്തി ചർച്ച ചെയ്ത് തത്കാലം ഓഡിറ്റ് നിർത്തിവയ്പിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിന് ശാശ്വത ഫലംകണ്ട ശേഷമേ ഓഡിറ്റിംഗ് നടത്തൂ എന്ന ജില്ലാ റിസോഴ്സ് പേഴ്സന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.