സ്വിമ്മിംഗ് പൂളിൽ വീട്ടമ്മ മരിച്ച സംഭവം: കൊലപാതകമെന്ന് ബന്ധുക്കൾ
1375293
Saturday, December 2, 2023 11:36 PM IST
കട്ടപ്പന: ഇടുക്കി വാഴവരയിലെ വീട്ടമ്മയുടെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ. ജോയ്സിനെ കൊലപ്പെടുത്തിയതാണെന്നാണ് സഹോദരൻ തങ്കച്ചന്റെ ആരോപണം. മരണപ്പെട്ട ജോയ്സിന് ഭർതൃസഹോദരനുമായി ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മോർപ്പാളയിൽ എം.ജെ. ഏബ്രഹാമിന്റെ ഭാര്യ ജോയ്സിനെ സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തീപ്പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
പോസ്റ്റ് മോർട്ടത്തിൽ, ശരീരത്തിൽ 76 ശതമാനം തീപ്പൊള്ളലേറ്റതാണ് മരണകാരണമെന്ന് പോലീസ് പറയുമ്പോഴും വീട്ടമ്മയ്ക്ക് എങ്ങനെയാണ് പൊള്ളലേറ്റതെന്നതിലും മൃതദേഹം നീന്തൽക്കുളത്തിൽ എങ്ങനെയെത്തി എന്നതിലുമാണ് ദുരൂഹതയുള്ളത്. മകനൊപ്പം വിദേശത്തായിരുന്ന ജോയ്സും ഭർത്താവ് ഏബ്രഹാമും രണ്ടരമാസങ്ങൾക്ക് മുൻപാണ് നാട്ടിൽ തിരികെയെത്തിയത്.
ഏബ്രഹാമിന്റെ സഹോദരൻ ഷിബുവിനൊപ്പം ഫാമുള്ള തറവാട്ട് വീട്ടിലായിരുന്നു തുടർന്ന് താമസം. ഇരുവർക്കും ഷിബുവുമായി ചില സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി ജോയ്സിന്റെ ബന്ധുക്കൾ പറയുന്നു. ജോയ്സിനെ കൊലപ്പെടുത്തിയതാണെന്നാണ് സഹോദരൻ ഉൾപ്പടെയുള്ള ബന്ധുക്കൾ ആരോപിക്കുന്നത്.
അതേ സമയം, അന്വേഷണം നടക്കുന്നത് കുടുംബത്തെ ചുറ്റിപ്പറ്റിയാണെന്ന് പോലീസ് പറഞ്ഞു. ഭർതൃസഹോദരനുമായിട്ടുള്ള സാമ്പത്തിക ഇടപാടുകൾ ഉൾപ്പടെ പരിശോധിക്കും. ഇടുക്കി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മറ്റു പരിക്കുകൾ കണ്ടെത്തിയിട്ടില്ല. വീടിനുള്ളിൽനിന്ന് തീപ്പൊള്ളലേറ്റ് സ്വമ്മിംഗ്പൂൾ വരെ എത്താനുള്ള സാധ്യത ശാസ്ത്രീയമായി പരിശോധിക്കുന്നതിനായി ഫോറൻസിക് സർജൻ അടക്കം സംഭവ സ്ഥലത്തെത്തിയിരുന്നു.
തീപ്പൊള്ളലേറ്റ് പ്രാണരക്ഷാർഥം ഓടി നീന്തൽക്കുളത്തിൽ ചാടിയതാണോയെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്. സംഭവത്തിൽ ഏബ്രഹാമിനെയും ഷിബുവിന്റെ ഭാര്യ ഡയാനയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.