മുവാറ്റുപുഴ തേനി ഹൈവേ: മുഖ്യമന്ത്രിക്കു നിവേദനം നൽകും
1375034
Friday, December 1, 2023 11:17 PM IST
തൊടുപുഴ: മുവാറ്റുപുഴ-തേനി ഹൈവേ യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസിൽ നിവേദനം നൽകുമെന്ന് ഹൈവേ ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പറഞ്ഞു.
പതിറ്റാണ്ടുകൾ പഴക്കമുള്ള കോട്ട റോഡ് 100 മീറ്റർ വീതിയിൽ മുവാറ്റുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റികൾ, ആയവന, കല്ലൂർക്കാട്, കുമാരമംഗലം, കോടിക്കുളം, കരിമണ്ണൂർ, ഉടുന്പന്നൂർ, വാഴത്തോപ്പ് തുടങ്ങിയ പഞ്ചായത്തുകളും ബന്ധിപ്പിച്ച് കടന്നുപോകുന്ന റോഡാണ്.
മുവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ അതിർത്തിയായ പെരുമാംകണ്ടം വരെ റോഡ് ആധുനിക നിലയിൽ നിർമിച്ചെങ്കിലും ലെവൽസ് എടുത്തില്ലെന്ന ആക്ഷേപമുണ്ട്. പെരുമാംകണ്ടം മുതൽ കോടിക്കുളം വരെ വ്യക്തികൾ ഭൂമി കൈവശം വച്ചിരിക്കുന്നതുമൂലം റോഡ് പൂർത്തീകരിക്കാനും കഴിഞ്ഞിട്ടില്ല.
ഇതു പരിഹരിക്കാൻ വിവിധ വകുപ്പുകളുടെ കൂട്ടായ ഇടപെടൽ ആവശ്യമാണ്. ഉടുന്പന്നൂർ പരിയാരം കോട്ടക്കവലയിൽനിന്ന് കഴുതപ്പാറ വഴി കേന്ദ്ര പദ്ധതിയിൽപ്പെടുത്തി റോഡ് പൂർത്തിയാക്കാൻ എംപി ഇടപെട്ടിരുന്നു. റോഡ് നിർമാണം പൂർത്തിയാകാത്തത് ജനങ്ങളെ നിരാശരാക്കിയിരിക്കുകയാണ്.
ചെയർമാൻ മനോജ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. ടി.ജി. കൈമൾ, ജെയിംസ് ഏബ്രഹാം, ജെയിംസ് ചാക്കോ, സെബാസ്റ്റ്യൻ മാത്യു, ടി.വി. മാത്യു, പൗലോസ് പടിഞ്ഞാറ, ജോഷി എടാട്ട്, വിജയൻ പെരുമാംകണ്ടം, അശ്വതി മധു, സോമി പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.