റോഡ് നിർമാണം: നാട്ടുകാരുടെ കുടിവെള്ളം മുട്ടി
1375033
Friday, December 1, 2023 11:17 PM IST
മുള്ളരിങ്ങാട്: റോഡ് നിർമാണത്തിന്റെ പേരിൽ കുടിവെള്ളം മുട്ടിക്കുന്നതായി പരാതി. കോട്ടപ്പാറ, മുള്ളരിങ്ങാട്, കൂവപ്പുറം ഭാഗങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന കോട്ടപ്പാറ ജലനിധി പദ്ധതിയുടെ പൈപ്പാണ് റോഡ് നിർമാണത്തിനിടെ വ്യാപകമായി തകർന്നത്.
നെയ്യശേരി-തോക്കുന്പൻ സാഡ് റോഡ് നിർമാണത്തിന്റെ ഭാഗമായി വണ്ണപ്പുറം മുതൽ മുള്ളരിങ്ങാട് ഭാഗം വരെ കലുങ്ക് നിർമാണത്തിന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു കുഴിയെടുത്തതാണ് ജലനിധി പൈപ്പുകൾ തകരാൻ കാരണം. ചിലയിടങ്ങളിൽ ഉണ്ടായിരുന്ന ഇരുന്പു പൈപ്പുകൾ മാറ്റി പകരം പിവിസി പൈപ്പുകൾ ഇട്ടു. വെള്ളം പന്പ് ചെയ്യുന്പോൾ പിവിസി പൈപ്പുകൾ പൊട്ടുന്നത് പതിവാണ്.
കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് കോട്ടപ്പാറ ഉൾപ്പെടെയുള്ള മേഖല. ഇവിടത്തുകാരുടെ ആശ്രയമായിരുന്ന ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതോടെ ശുദ്ധജല വിതരണവും നിലച്ചു.
പ്രശ്നം പരിഹരിക്കാൻ കരാറുകാരോട് ആവശ്യപ്പെട്ടെങ്കിലും തയാറാകുന്നില്ലെന്ന് ജലനിധി ഭാരവാഹികൾ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് കരാറെടുത്തിരിക്കുന്ന കന്പനി അധികൃതർ അറിയിച്ചു.