നഗരസഭാ ഓഫീസിൽ വെർച്വൽ ക്ലാസ് റൂം ആരംഭിച്ചു
1375030
Friday, December 1, 2023 11:17 PM IST
തൊടുപുഴ: നഗരസഭാ ഓഫീസിൽ വെർച്വൽ ക്ലാസ് റൂം ആരംഭിച്ചു. ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. നിരവധി ജില്ലാ ഓഫീസുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന തൊടുപുഴയിൽ ജില്ലാതല യോഗങ്ങളും സംസ്ഥാനതല മീറ്റിംഗുകളും ഓണ്‍ലൈനായി നടത്തുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
14 ജില്ലകളിലും ജില്ലാ ആസ്ഥാനത്തും തിരുവനന്തപുരത്തുമായി ചേരുന്ന ഓണ്‍ലൈൻ യോഗങ്ങൾക്ക് നിലവിൽ തൊടുപുഴയിലുള്ളവർ തടിയന്പാട് എത്തേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. പുതുതായി ആരംഭിച്ച വെർച്വൽ ക്ലാസ് റൂമിൽ നൂതന സാങ്കേതികവിദ്യകളോടുകൂടിയ പ്രൊജക്ടറും സ്ക്രീനും 40 സീറ്റുകളുമുള്ള ശീതീകരിച്ച ഹാളുമാണ് ഒരുക്കിയിരിക്കുന്നത്.
ഒൗദ്യോഗിക പരിപാടികൾ, ഓണ്‍ലൈൻ മീറ്റിംഗുകൾ, സാങ്കേതിക പഠന ക്ലാസുകൾ എന്നിവ ഇവിടെ സംഘടിപ്പിക്കാം. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും തനത് ഫണ്ടും ചേർത്ത് 13,50,000 രൂപ മുടക്കിയാണ് നിർമിച്ചത്.
യോഗത്തിൽ വൈസ് ചെയർപേഴ്സണ്‍ ജെസി ജോണി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ. കരീം, ബിന്ദു പത്മകുമാർ, പി.ജി. രാജശേഖരൻ, സെക്രട്ടറി ബിജുമോൻ പി. ജേക്കബ് എന്നിവർ പ്രസംഗിച്ചു.